മലയാളത്തിന് രണ്ടാം തവണ; ഫാൽക്കെ നിറവിൽ ലാൽ...
text_fieldsതിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണ. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 19 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാളമണ്ണിലെത്തുന്നു. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയാണ് ലാലിന്റേതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിശേഷിപ്പിച്ചു. നരേന്ദ്രൻ, ഗോവർധൻ, വിൻസെന്റ് ഗോമസ്, സാഗർ ഏലിയാസ് ജാക്കി, മംഗലശ്ശേരി നീലകണ്ഠൻ, രാജീവ് മേനോൻ, വേണു, കുഞ്ഞിക്കുട്ടൻ, ജോർജ് കുട്ടി, വേലായുധൻ തുടങ്ങി സന്ദീപ് ബാലകൃഷ്ണനിൽ എത്തിനിൽക്കുന്ന വേഷപ്പകർച്ച ഹൃദയപൂർവം തുടരുകയാണ്. രണ്ട് മികച്ച നടന് അടക്കം അഞ്ച് ദേശീയ പുരസ്കാരങ്ങളും ഒമ്പത് സംസ്ഥാന പുരസ്കാരങ്ങളും പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും ലഫ്റ്റനന്റ് കേണൽ പദവിയും ലാലിനെ തേടിയെത്തി.
ഇപ്പോൾ പരമോന്നത ബഹുമതിയും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മോഹൻലാൽ നടനവിസ്മയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകൻ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്ര സർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
പുരസ്കാരലബ്ദിയിൽ നിരവധി പ്രമുഖർ ലാലിനെ അഭിനന്ദിച്ചു. നാലപ്പതിറ്റാണ്ടുനീണ്ട അഭിനയ ജീവിതത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ കലാകാരനാണ് മോഹൻലാലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാലിന്റെ നേട്ടം മലയാള സിനിമയുടെ അഭിമാനനിമിഷമാണെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

