ആറ് മിനിറ്റുള്ള ഒരു സീനിന് ചെലവായത് 90 കോടി രൂപ, ഒടുവിൽ ആ സീൻ വെട്ടിമാറ്റി; ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ഡിലീറ്റഡ് സീൻ
text_fieldsഎഡിറ്റിങ് റൂമിൽ ഒരിക്കലും എത്താത്ത സിനിമാ രംഗങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേഗതയുടെയോ സൃഷ്ടിപരമായ തീരുമാനങ്ങളുടെയോ പേരിൽ പലതും വെട്ടിച്ചുരുക്കുമ്പോൾ ചിലത് ഇല്ലാതാക്കുന്നതിന് അസാധാരണമായ ചിലവ് വരും. എന്നാൽ ആ ഇല്ലാതാക്കിയ രംഗങ്ങളിൽ ഒന്ന് നിർമിക്കാൻ ഭീമൻ തുക ചെലവായാലോ? 2006ലെ സൂപ്പർഹീറോ ചിത്രമായ ‘സൂപ്പർമാൻ റിട്ടേൺസിൽ’ സംഭവിച്ചത് ഇതാണ്. അവസാന കട്ടിൽ നിന്ന് ഒഴിവാക്കിയ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു സീക്വൻസിന് 10 മില്യൺ ഡോളർ അതായത് ഏകദേശം 90 കോടി രൂപയാണ് ചെലവായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിലീറ്റഡ് സീനായി ഇത് മാറി.
ബ്രയാൻ സിംഗർ സംവിധാനം ചെയ്ത സൂപ്പർമാൻ റിട്ടേൺസിൽ ബ്രാണ്ടൻ റൗത്ത്, കെയ്റ്റ് ബോസ് വർത്ത് തുടങ്ങിയവരാണ് അഭിനയിച്ചത്. 270 മില്യൺ ഡോളറിന്റെ വമ്പൻ ബജറ്റിലാണ് ചിത്രം നിർമിച്ചത്. അനുകൂലമായ അവലോകനങ്ങൾ നേടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.
സൂപ്പർമാൻ തന്റെ സ്വന്തം ഗ്രഹമായ ക്രിപ്റ്റണിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ മടങ്ങിവരുന്ന സീക്വൻസായിരുന്നു വെട്ടിമാറ്റിയത്. ആറ് മിനിറ്റ് ദൈർഘ്യമുള്ള സീക്വൻസിൽ വിപുലമായ സെറ്റുകളും നൂതനമായ സി.ജി.ഐയും ഉണ്ടായിരുന്നു. ഇതിനായി നിർമാതാക്കൾ 10 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ഏകദേശം 90 കോടി രൂപ വരും.
ഫൈനൽ കട്ടിൽ ആ രംഗം മുഴുവൻ ഒഴിവാക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. ആ സീനിലെ ഡാർക്ക് മൂഡ് സിനിമയുടെ ബാക്കിയുള്ള ഭാഗവുമായി പൊരുത്തപ്പെടുന്നില്ലെന്നതായിരുന്നു കാരണം. കൂടാതെ 15 മിനിറ്റുള്ള വേറെ ചില സീനുകളും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യമൊഴിവാക്കിയ ആറ് മിനിറ്റ് സീൻ പിന്നീട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. തകർന്ന് വീഴാറായ ഒരു സ്പേസ് ഷട്ടിൽ ഘടിപ്പിച്ച വിമാനത്തെ സൂപ്പർമാൻ അവിശ്വസനീയമാംവിധം രക്ഷിക്കുന്ന രംഗം സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സീനുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

