എ.ഐയെ സൃഷ്ടിപരമായ തീരുമാനങ്ങൾ ഏൽപിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ഹോളിവുഡ് ഇതിഹാസം സ്റ്റീവൻ സ്പീൽബർഗ്
text_fieldsലോസ് ആഞ്ചൽസ്: സൃഷ്ടിപരമായ തീരുമാനങ്ങൾക്കായി എ.ഐയെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ആശയത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഹോളിവുഡ് സംവിധായകരിലെ അതികായൻമാരിലൊരാളായ സ്റ്റീവൻ സ്പിൽബർഗ്. കാലിഫോർണിയയിൽ നടന്ന ഒരു പരിപാടിക്കിടെ നൽകിയ അഭിമുഖത്തിലായിരുന്നു സംവിധാകയകന്റെ പരാമർശം.
‘എനിക്ക് സ്വയം എടുക്കാൻ കഴിയാത്ത ഒരു സൃഷ്ടിപരമായ തീരുമാനവും എ.ഐ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സൃഷ്ടിപരമായ ചിന്തയെ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിൽ മനുഷ്യേതര സഹകാരിയായി എ.ഐയെ ഉപയോഗിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല’ -78 കാരനായ സംവിധായകൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആളുകളിൽ നിന്ന് ജോലി എടുത്തുകളയും വിധം എ.ഐ ചെയ്തേക്കാവുന്ന കാര്യങ്ങളോട് താൻ വളരെ സെൻസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.
2001ൽ പുറത്തിറങ്ങിയ തന്റെ ‘എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന് പതിറ്റാണ്ടുകൾക്കു ശേഷമാണ് സ്പീൽബർഗിന്റെ പരാമർശങ്ങൾ. പ്രണയം, നഷ്ടം, വികാരം എന്നിവ അനുഭവിക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ ചുറ്റിപ്പറ്റിയാണ് ചിത്രം. എ.ഐ സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള വികസനം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിനും എത്രയോ മുമ്പായിരുന്നു ആ ചിത്രം. ഇന്നത്തെ എ.ഐ തന്റെ ആ സിനിമയിൽ വിഭാവനം ചെയ്തതിലും വളരെയധികം വികസിതമാണെന്നും സ്പീൽബർഗ് സമ്മതിച്ചു.
‘കൃത്രിമബുദ്ധിയെക്കുറിച്ചല്ല, മറിച്ച് വൈകാരികമായ നിലനിൽപ്പിനെക്കുറിച്ചായിരുന്നു അത്... ഇന്ന് എ.ഐ നമ്മെ കൊണ്ടുപോകുന്നിടത്തല്ല അത്. ഒടുവിൽ, അതിൽ എ.ഐയും റോബോട്ടിക്സും തമ്മിൽ ഒരു സംയോജനം ഉണ്ടാകു’മെന്നും അദ്ദേഹം പറഞ്ഞു.
ചില വിധങ്ങളിൽ എ.ഐ മനുഷ്യരാശിയെ സഹായിച്ചേക്കാമെന്നും സ്പീൽബർഗ് വിശ്വസിക്കുന്നു. പക്ഷേ, സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ ചുമതല മനുഷ്യർ തന്നെയായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ജുറാസിക് വേൾഡ് ചിത്രീകരണ ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് സി.ജി.ഐ സാങ്കേതികവിദ്യ ചലച്ചിത്ര നിർമാണത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ‘അത്തരം പുരോഗതികളുടെ ഗുണങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് ചിന്തിച്ചു. അത് ചില കരിയറുകളെ ഒരു പരിധിവരെ ഇല്ലാതാക്കി. അതിനാൽ ആളുകളിൽ നിന്ന് ജോലി എടുത്തുകളയാൻ എ.ഐ ചെയ്തേക്കാവുന്ന കാര്യങ്ങളോട് ഞാൻ വളരെ സെൻസിറ്റീവ് ആണെ’ന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിങ് അല്ലെങ്കിൽ ആസൂത്രണം പോലുള്ള മറ്റ് മേഖലകളിൽ അത് ഉപയോഗിക്കാൻ തയ്യാറാണെങ്കിലും തന്റെ സിനിമകൾക്ക് എ.ഐ ഉപയോഗിച്ചിട്ടില്ലെന്ന് സ്പീൽബർഗ് സമ്മതിച്ചു. എന്നാൽ, കഥപറച്ചിലിന്റെയും സർഗാത്മകതയുടെയും കാര്യത്തിൽ യന്ത്രങ്ങൾക്ക് നിയന്ത്രണം കൈമാറാൻ ചലച്ചിത്ര നിർമാതാവ് ഇതുവരെ തയ്യാറായിട്ടില്ല.
ഹാലി ജോയൽ ഓസ്മെന്റ്, ജൂഡ് ലോ, ഫ്രാൻസെസ് ഒ കോണർ, ബ്രെൻഡൻ ഗ്ലീസൺ, വില്യം ഹർട്ട് എന്നിവർ അഭിനയിച്ച എ.ഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സിനിമ ബ്രയാൻ ആൽഡിസിന്റെ 1969 ലെ ചെറുകഥയായ സൂപ്പർടോയ്‌സ് ലാസ്റ്റ് ഓൾ സമ്മർ ലോങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഗബ്രിയേൽ ലാബെല്ലെ, മിഷേൽ വില്യംസ്, പോൾ ഡാനോ, സേത്ത് റോജൻ, ജഡ് ഹിർഷ് എന്നിവർ അഭിനയിക്കുന്ന സ്റ്റീവൻ സ്പിൽബർഗിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഫാബൽമാൻസ്’ 2022ൽ പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

