‘സ്ട്രേഞ്ചർ തിങ്സ് സീസൺ 5’ന് ഡ്യുവൽ പ്രീമിയർ; ഒ.ടി.ടിയിൽ മാത്രമല്ല, തിയറ്ററിലും കാണാം
text_fieldsസ്ട്രേഞ്ചർ തിങ്സ് സീസൺ 5
ദി ഡഫർ ബ്രദേഴ്‌സ് സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ സയൻസ് ഫിക്ഷൻ പരമ്പരകളിൽ ഒന്നാണ് സ്ട്രേഞ്ചർ തിങ്‌സ്. ഹൊറർ, ഡ്രാമ, സയൻസ് ഫിക്ഷൻ, നിഗൂഢത നിറഞ്ഞ ഈ പരമ്പരക്ക് ആരാധകർ ഏറെയാണ്. ആദ്യ സീസൺ 2016 ജൂലൈ 15 ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകൾ യഥാക്രമം 2017 ഒക്ടോബറിലും 2019 ജൂലൈയിലുമാണ് എത്തിയത്. നാലാമത്തെ സീസൺ രണ്ട് ഭാഗങ്ങളായി 2022 മെയ്, ജൂലൈ മാസങ്ങളിൽ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് 'സ്ട്രേഞ്ചർ തിങ്സ് സീസൺ 5'.
എട്ട് എപ്പിസോഡുകളുള്ള സീസൺ 5 മൂന്ന് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. നാല് എപ്പിസോഡുകളുള്ള വോള്യം 1 2025 നവംബർ 27ന് ഇന്ത്യൻ സമയം രാവിലെ 6:30 ന് ലോകമെമ്പാടും പ്രീമിയർ ചെയ്യും. മൂന്ന് എപ്പിസോഡുകളുള്ള വോള്യം 2 2025 ഡിസംബർ 26നും ഫൈനൽ എപ്പിസോഡ് 2025 ജനുവരി ഒന്നിനും നെറ്റ്ഫ്ലിക്സിലും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള സീരീസിന്‍റെ ഫൈനൽ എപ്പിസോഡ് (ദി റൈറ്റ്സൈഡ് അപ്പ്) നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്ന അതേ ദിവസം തന്നെ യു.എസിലെയും കാനഡയിലെയും തിരഞ്ഞെടുത്ത 350ൽ അധികം തിയറ്ററുകളിലും പ്രദർശിപ്പിക്കും.
നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു സീരീസ് ഫിനാലെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ഒരേ സമയം തിയറ്ററുകളിലും റിലീസ് ചെയ്യുന്ന രീതിയാണ് 'സ്ട്രേഞ്ചർ തിങ്സ് സീസൺ 5'ന്‍റെ ഫൈനൽ എപ്പിസോഡിനായി പരീക്ഷിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച നാല് സീസണുകൾ. 34 എപ്പിസോഡുകൾ. അഞ്ചാം സീസണിനുള്ള കാത്തിരിപ്പ്. ഇത് മാത്രം മതിയാവും ‘സ്ട്രേഞ്ചർ തിങ്സി’ന്റെ റേഞ്ച് മനസ്സിലാവാൻ. ഡഫർ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് ‘സ്ട്രേഞ്ചർ തിങ്സ്’.
10 വർഷം. ഒരു സീരീസിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലയളവ് തന്നെയാണ്. അഭിനേതാക്കളിൽ പലരും അവർ കുട്ടികളായിരിക്കുമ്പോൾ ഇതിൽ അഭിനയിക്കാൻ വന്നവരാണ്. അതുകൊണ്ടുതന്നെ ഓരോ സീസണിലും അവരുടെ വളർച്ചയും അതിനനുസരിച്ചുള്ള കഥാഗതികളും പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ജനിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

