പ്രീ-റിലീസ് ഹൈപ്പ് കൂടുന്നു, റെക്കോർഡുകൾ ഭേദിക്കാൻ ‘വാരണാസി’; സ്ട്രീമിങ് അവകാശത്തിന് 1000 കോടിയോ?
text_fieldsഎസ്.എസ്. രാജമൗലി തന്റെ പുതിയ ചിത്രമായ വാരാണസിയുടെ ടൈറ്റിൽ പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ചിത്രം വലിയ ചർച്ചയായി മാറിയിരുന്നു. രാജമൗലി എന്ന സംവിധായകന്റെ പേരിനൊപ്പം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ താരമൂല്യം കൂടി ചേരുന്നതാണ് ചിത്രത്തിന്‍റെ ഹൈപ്പിനുള്ള ഒരു കാരണം. റിലീസിന് ഇനിയും ഒരു വർഷത്തിലധികം സമയമുണ്ടെങ്കിലും ഒ.ടി.ടി ഭീമന്മാർ ഡിജിറ്റൽ അവകാശങ്ങൾക്കായി മത്സരിക്കുന്നതുൾപ്പെടെ വലിയ പ്രീ-റിലീസ് ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ആഗോള സ്ട്രീമിങ് വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഡിമാൻഡുള്ള ചിത്രമായി വാരാണസി മാറിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ ആർ.ആർ.ആർ (RRR) നേടിയ വമ്പൻ വിജയത്തിനും ഓസ്‌കർ നേട്ടത്തിനും ശേഷമാണ് ഈ ചിത്രം വരുന്നത്. രാജമൗലിയുടെ മുൻ ചിത്രമായ 'ബാഹുബലി 2' വിദേശത്ത് 62 മില്യൺ ഡോളറിലധികം നേടിയിരുന്നു. ഇത് അദ്ദേഹത്തെ പാശ്ചാത്യ ലോകത്ത് സുപരിചിതനായ ഒരു സംവിധായകനാക്കി മാറ്റി. സ്വാഭാവികമായും അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾക്കായി വലിയൊരു ലേലംവിളി തന്നെ തുടങ്ങിക്കഴിഞ്ഞു. ഹോളിവുഡ് സിനിമകൾക്ക് ലഭിക്കുന്നതിന് തുല്യമായ തുക നൽകാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ തയാറാണെന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ റൈറ്റ്‌സ് തുക 1000 കോടി രൂപ വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
ഇത് യാഥാർത്ഥ്യമായാൽ ഡിജിറ്റൽ അവകാശങ്ങളിലൂടെ മാത്രം ഏറ്റവുമധികം പ്രീ-സെയിൽസ് കലക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് വാരാണസി സ്വന്തമാക്കും. ഇതിനൊപ്പം മ്യൂസിക് റൈറ്റ്‌സ്, ടി.വി റൈറ്റ്‌സ്, ഡിസ്ട്രിബ്യൂഷൻ എന്നിവ കൂടി ചേരുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റായി വാരാണസി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് എസ്.എസ്. രാജമൗലി വാരാണാസിയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. രാമായണത്തിലെ ഏടുകളെ സയൻസ് ഫിക്ഷനുമായി കൂട്ടിയിണക്കി, പല വൻകരകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും സഞ്ചരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവിൽ പ്രിയങ്ക ചോപ്ര നായികയാകുമ്പോൾ മഹേഷ് ബാബു നായകവേഷത്തിലെത്തുന്നു. പൃഥ്വിരാജ് സുകുമാരനാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ വാരാണസി 2027 സംക്രാന്തി റിലീസായി തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

