ജേസന്‍റെ സിഗ്മക്ക് ബോക്സ് ഓഫീസിൽ തിരിച്ചടി; ആദ്യ ആഴ്ചയിൽ നേടിയത് 5.35 കോടി മാത്രം
text_fieldsജേസൺ സഞ്ജയ്
വിജയ് മകൻ ജേസൺ സഞ്ജയ് സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം 'സിഗ്മ' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല.വൻ ഹൈപ്പോടെ എത്തിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് ആദ്യ ഞായറാഴ്ച പോലും കലക്ഷനിൽ വളർച്ച നേടാനായില്ല. മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ കലക്ഷൻ 10 കോടി പോലും കടന്നിട്ടില്ല എന്നതാണ് നിലവിലെ അവസ്ഥ.
ട്രേഡ് വെബ്സൈറ്റ് സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബർ 4 ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് 1.50 കോടി രൂപയാണ് നെറ്റ് കലക്ഷനായി നേടിയത്. ഇത് ശനിയാഴ്ചത്തെ കലക്ഷന് തുല്യമാണ്. ഇതോടെ മൂന്ന് ദിവസത്തെ ആകെ ഇന്ത്യൻ നെറ്റ് കലക്ഷൻ 5.35 കോടി രൂപയായി. ഗ്രോസ് കലക്ഷൻ 6.10 കോടിയാണ്. ഞായറാഴ്ച 1,753 ഷോകളിലായി 23.6 ശതമാനം ഒക്യുപെൻസിയാണ് ചിത്രം രേഖപ്പെടുത്തിയത്. മൂന്നാം ദിനം 1,49,651 പേരാണ് ചിത്രം തിയറ്ററിൽ കണ്ടത്.
ആദ്യ ദിനത്തിൽ 2.35 കോടി നേടി മികച്ച തുടക്കം ലഭിച്ചെങ്കിലും ശനിയാഴ്ച വലിയ ഇടിവ് നേരിട്ടു. ഞായറാഴ്ച വീക്കെൻഡ് ആയിട്ടും തിരിച്ചുവരവ് നടത്താൻ സിഗ്മക്ക് സാധിച്ചില്ല. നിർണായകമായ മൂന്നാം ദിനത്തിൽ വളർച്ചയില്ലാത്തത് ചിത്രത്തിന് തിരിച്ചടിയായി. കലക്ഷനിൽ ഇപ്പോഴും തമിഴ് പതിപ്പാണ് മുന്നിൽ. ഞായറാഴ്ച തമിഴ് പതിപ്പ് 893 ഷോകളിൽ നിന്ന് 95 ലക്ഷം രൂപ നേടി, 27% ഒക്യുപെൻസി രേഖപ്പെടുത്തി.
തെലുങ്ക് പതിപ്പ് 860 ഷോകളിൽ നിന്ന് 55 ലക്ഷം രൂപയാണ് നേടിയത്, 20% ഒക്യുപെൻസി.തമിഴ് 2D പതിപ്പിൽ ഉച്ചകഴിഞ്ഞുള്ള ഷോകൾക്കാണ് ഏറ്റവും കൂടുതൽ തിരക്ക്, 47.25%. രാവിലെ 31.75%, വൈകുന്നേരം 31%, രാത്രി 26.17% എന്നിങ്ങനെയാണ് മറ്റ് ഷോകളിലെ ഒക്യുപെൻസി. തെലുങ്ക് 2D യിൽ ആകെ ഒക്യുപെൻസി 17.80% ആണ്.സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ തമിഴ്നാട് തന്നെയാണ് ഏറ്റവും കൂടുതൽ കലക്ഷൻ നൽകിയത്, 95 ലക്ഷം.
ആന്ധ്രാപ്രദേശും തെലങ്കാനയും ചേർന്ന് 60 ലക്ഷം, കർണാടക 9 ലക്ഷം, കേരള 5 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കലക്ഷൻ. ഒക്ടോബർ 2ന് തിയറ്ററുകളിലെത്തിയ സിഗ്മ, നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ മകൻ ജേസൺ സഞ്ജയ്‍യുടെ ആദ്യ സംവിധാന സംരംഭമാണ്. സുന്‍ദീപ് കിഷൻ ഗുരു എന്ന കഥാപാത്രത്തെയും ഫരിയ അബ്ദുള്ള സാം എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
സമ്പത്ത് രാജ്, രാജു സുന്ദരം, ശിവ് പണ്ഡിറ്റ്, അൻപു താസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.വിജയ്‍യുടെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും ആദ്യ വീക്കെൻഡിലെ കണക്കുകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് കലക്ഷൻ റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

