'കേസുമായി മുന്നോട്ട് പോകരുതെന്ന് അദ്ദേഹം പറഞ്ഞു, മകൾക്കാണ് ഈ അവസ്ഥ വന്നതെങ്കിലെന്ന് ഞാൻ ചോദിച്ചു, സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറി' -സാന്ദ്ര തോമസ്
text_fieldsഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് സമർപ്പിച്ച പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. താൻ പരാതിയുമായി മുന്നോട്ടു പോകുന്നതിനോടുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നിലപാടെന്തെന്ത് പറയുകയാണ് സാന്ദ്ര.
കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി പറഞ്ഞതായി സാന്ദ്ര തോമസ് പറഞ്ഞു. മുക്കാൽ മണിക്കൂറോളം ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്‍റെ മകൾക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കിൽ അവരോട് പ്രതികരിക്കരുതെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും പറയുമോ എന്ന് താൻ ചേദിച്ചതായി സാന്ദ്ര പറഞ്ഞു. വൺ ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
സാന്ദ്രക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. അതിന് ശേഷം തന്‍റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയതായും സാന്ദ്ര തോമസ് പറഞ്ഞു. മമ്മൂട്ടി എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് എടുത്തതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ വീട്ടുപണി എടുക്കുന്ന ഒരാളാണ് ഇപ്പോൾ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
തന്‍റെ സാഹചര്യം മനസിലാക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായും അവർ വ്യക്തമാക്കി. മോഹൻലാൽ ഈ വിഷയത്തിൽ തന്നോട് സംസാരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ളവർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു. അതിനാൽ തന്നെ മോഹൻലാലിന്‍റെ പിന്തുണ ഉണ്ടാകുമെന്നാണ് വിചാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടന തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് പർദ ധരിച്ചെത്തിയത് വാർത്തയായിരുന്നു. എന്നാൽ നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയത് എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെയും സാന്ദ്ര ആരോപണം ഉന്നയിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

