പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ
text_fieldsസാന്ദ്രാ തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് സമർപ്പിച്ച പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്. പ്രസിഡന്റായി മത്സരിക്കാൻ മൂന്നു ചിത്രങ്ങൾ നിർമിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര ഹരജി നല്‍കിയത്.
ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹരജിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോക്ക് വിരുദ്ധമാണെന്നും ഹരജിയിൽ ആരോപിച്ചു. മൂന്നു സിനിമകൾ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുള്ള ഏത് നിർമാതാവിനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തന്‍റെ പേരിൽ ഒമ്പത് സിനിമകൾ സെൻസർ ചെയ്തിട്ടുണ്ടെന്ന് സാന്ദ്ര വ്യക്തമാക്കി.
രണ്ടു ബാനറിൽ സിനിമകൾ ചെയ്തു എന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. എന്നാൽ രണ്ടു ബാനറിൽ സിനിമകൾ ചെയ്ത മറ്റൊരു നിർമാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചിട്ടുണ്ട്. ഇത് അനീതിയും പക്ഷപാതപരവും ആണെന്ന് സാന്ദ്ര ഹരജിയിൽ ആരോപിച്ചു.
ആഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടന തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് പർദ ധരിച്ചെത്തിയത് വാർത്തയായിരുന്നു. എന്നാൽ നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയത് എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെയും സാന്ദ്ര ആരോപണം ഉന്നയിക്കുകയുണ്ടായി.
സംഘടനയിലെ ചില അംഗങ്ങൾ വ്യക്തിപരമായി അവഹേളിച്ചതിൽ നടപടി ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് അതിൽ ചൂണ്ടിക്കാട്ടിയത്. നിർമാണ മേഖല സ്ത്രീവിരുദ്ധമാണെന്നും സംഘടനയിൽ പവര്‍ ഗ്രൂപ് ശക്തമാണെന്നുമടക്കമുള്ള കാര്യങ്ങൾ സാന്ദ്ര ആരോപിക്കുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

