‘ആ വേഷത്തിന്റെ പൂർണതയിലെത്താൻ ആഗ്രഹിച്ചു’; ഷൂട്ടിങ്ങിന്റെ ഒന്നര വർഷം മുമ്പുതന്നെ അമ്പെയ്ത്ത് അഭ്യസിക്കാൻ തുടങ്ങിയെന്ന് രൺബീർ കപൂർ
text_fieldsബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ തിയേറ്ററുകളിലേക്കെത്താൻ ഇനി നിമിഷങ്ങൾ മാത്രമാണുള്ളത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ, കഥാപാത്രത്തിനായി നടത്തിയ കഠിനമായ തയാറെടുപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രീകരണം ആരംഭിക്കുന്നതിന് ഒന്നര വർഷം മുൻപ് തന്നെ താൻ ഒരു ഇന്ത്യൻ ഒളിമ്പ്യൻ ആർച്ചറുടെ കീഴിൽ അമ്പെയ്ത്തുവിദ്യ അഭ്യസിച്ചിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്. ലോസ് ആഞ്ചലസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ 'റിവ്യു നേഷൻ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്.
ശ്രീരാമൻ എക്കാലത്തെയും മികച്ച വില്ലാളി വീരനായാണ് അറിയപ്പെടുന്നത്. തനിക്ക് വന്നുചേർന്ന ആ മഹത്തായ വേഷം അതിന്റെ പൂർണതയിലെത്തിക്കുന്നതിനാണ് ഷൂട്ടിങ്ങിന്റെ ഒന്നര വർഷം മുമ്പു തന്നെ പരിശീലനം ആരംഭിച്ചതെന്ന് രൺബീർ പറയുന്നു. "ശരിയായ രീതിയിൽ വില്ലുവിദ്യ പഠിക്കാൻ ഞാൻ ഒരു ഇന്ത്യൻ ഒളിമ്പ്യനൊപ്പം പരിശീലനം നേടി. കുറേനാൾ ന്യൂയോർക്കിലായിരുന്നപ്പോഴും ഞാൻ ഇതിനായി സമയം കണ്ടെത്തിയിരുന്നു" രൺബീർ പറഞ്ഞു.
അമ്പെയ്ത്ത് പഠിക്കുന്നതിനൊപ്പം ശ്രീരാമന്റെ ആത്മാവിനെ ഉൾക്കൊള്ളാനാണ് താൻ ഏറെ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു. "നിങ്ങൾക്ക് എത്ര വേണമെങ്കിലും വായിക്കാം, വിവിധ വ്യാഖ്യാനങ്ങൾ കാണാം; എന്നാൽ ആത്യന്തികമായി നിങ്ങൾ കഥാപാത്രത്തിന് ഏത് ആത്മാവാണ് നൽകുന്നത് എന്നതാണ് പ്രധാനം. ഞാൻ ശ്രീരാമനായി അഭിനനയിക്കുമ്പോഴും അതിൽ എന്റെ സ്വന്തം ആത്മാവാണ് ഉണ്ടാവുക. അതിൽ എങ്ങനെ ഒരു പുതിയ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്നതായിരുന്നു താൻ നേരിട്ട വെല്ലുവിളിയെന്നും താരം വ്യക്തമാക്കി.
കോംബാറ്റ് പരിശീലനത്തിനപ്പുറം ശരീരഭാഷയും ചലനങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ടെറി നോട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ശിൽപശാലകളിലും രൺബീറും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. 'പ്ലാനറ്റ് ഓഫ് ദി ഏപ്സ്' ഫ്രാഞ്ചൈസി, 'എക്സ് 2', 'സൂപ്പർമാൻ റിട്ടേൺസ്' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ടെറി നോട്ടറി. ശ്വസനരീതികൾ, എങ്ങനെ നടക്കണം, എങ്ങനെ മരത്തിൽ കയറണം തുടങ്ങി പല കാര്യങ്ങളും ടെറി നോട്ടറി ഞങ്ങളെ പരിശീലിപ്പിച്ചു. ഓരോ പുതിയ സിനിമയിലൂടെയും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നത് അഭിനേതാക്കൾ എന്ന നിലയിൽ വലിയൊരു ഭാഗ്യമാണ്. എന്നാൽ രാമായണം എക്കാലത്തെയും പ്രിയപ്പെട്ട കഥയും കഥാപാത്രങ്ങളുമായതുകൊണ്ട് ഈ സിനിമ എനിക്ക് എപ്പോഴും പ്രത്യേകതയുള്ളതായിരിക്കുമെന്നും രൺബീർ വ്യക്തമാക്കി.
നിതീഷ് തിവാരി സംവിധാനം ചെയ്ത് നമീത് മൽഹോത്ര നിർമിക്കുന്ന 'രാമായണം: പാർട്ട് 1', ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ സിനിമാാവിഷ്കാരമാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനാകുമ്പോൾ, സായ് പല്ലവി സീതയായും യഷ് രാവണനായും ആണ് വേഷമിടുന്നത്. കൂടാതെ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഇന്ത്യയിൽ റിലീസിനെത്തുന്നത് വ്യാഴാഴ്ചയാണ്.

