‘തലൈവർ ഇത്ര സിംപിൾ ആണോ!’; ഋഷികേശിലേക്കുള്ള യാത്രക്കിടെ രജനീകാന്ത്, ചിത്രങ്ങൾ വൈറൽ
text_fieldsരജനികാന്ത്
ഹിമാലയ യാത്ര നടൻ രജനീകാന്തിന്‍റെ പതിവു കാര്യമാണ്. ഷൂട്ടിങിനിടയിലും അല്ലാതെയും അദ്ദേഹം ഒരുപാട് തവണ ഹിമാലയത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തവണ സുഹൃത്തുക്കളോടൊപ്പം ഋഷികേശിലേക്കാണ് താരം യാത്ര തിരിച്ചത്. തമിഴ്നാട് അടക്കിവാഴുന്ന താരത്തിന്‍റെ പ്രൗഢിയോടെയോ സൗകര്യങ്ങളോടെയോ അല്ല അദ്ദേഹം യാത്ര ചെയ്തതും. തീർത്തും സാധാരണക്കാരനായ ഒരു വ്യക്തിയായാണ്. അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവിതത്തിലെ ലാളിത്യവും താരത്തിന്റെ ഭക്ഷണ തെരഞ്ഞെടുപ്പുകളുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ രജനിയുടെ ഋഷികേശ് യാത്രയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
വെള്ളമുണ്ടും അരക്കൈ കുർത്തയും തോർത്തുമണിഞ്ഞ് സിംപിൾ ലുക്കിലാണ് രജനികാന്ത്. റോഡരികിൽ നിന്ന് പാളപ്പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതും കാണാം. ശനിയാഴ്ച ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഗംഗാ തീരത്ത് ധ്യാനിക്കുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ എളിമയെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സ്‌ക്രീനിൽ സൂപ്പർസ്റ്റാർ അല്ലാത്തപ്പോൾ സാധാരണക്കാരൻ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. തലൈവർ എത്ര സിംപിൾ ആണെന്നാണ് മറ്റു കമന്റുകൾ.
നെൽസൺ ഒരുക്കുന്ന ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

