കാന്താരയിലെ ശിവക്കായി ആദ്യം സമീപിച്ചത് ഈ നടനെ; സിനിമയിൽ എന്നെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകൂ എന്നാണ് അദ്ദേഹം പറഞ്ഞത് -ഋഷഭ് ഷെട്ടി
text_fieldsകന്നഡ സിനിമാ ലോകത്ത് നിന്ന് വന്ന് ദേശീയതലത്തിൽ തരംഗമുണ്ടാക്കിയ ചിത്രമാണ് 'കാന്താര'. നടൻ ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി അഭിനയിച്ച ഈ ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമിച്ചത്. രണ്ടാം ഭാഗമായ 'കാന്താര: ചാപ്റ്റർ 1' ഒട്ടേറെ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. ആ പ്രതീക്ഷകളെ അന്വർഥമാക്കിക്കൊണ്ട് ഇപ്പോൾ തന്നെ 900 കോടിയോളം രൂപ തിയറ്ററിൽനിന്ന് തിരിച്ചുപിടിച്ചുകഴിഞ്ഞു സിനിമ. 125 കോടിക്കാണ് ഈ സിനിമ നിർമിച്ചത്. ഋഷഭ് ഷെട്ടിയെ പാൻ ഇന്ത്യൻ താരമാക്കിയ സിനിമയിൽ, എന്നാൽ പ്രധാനകഥാപാത്രമായി തീരുമാനിച്ചിരുന്നത് മറ്റൊരു നടനെയായിരുന്നു. എന്നാൽ, ആ താരം സിനിമ വേണ്ടെന്നുവെക്കുകയായിരുന്നു.
'കാന്താരയിലെ ശിവ എന്ന കഥാപാത്രത്തിനുവേണ്ടി ഋഷഭ് ആദ്യം സമീപിച്ചത് കന്നഡ സൂപ്പർതാരമായ പുനീത് രാജ്കുമാറിനെയാണ്. ഇത് ഋഷഭ് തന്നെയാണ് തുറന്നുപറഞ്ഞത്. പുനീത് സാറിനോട് ഞാൻ കഥ പറഞ്ഞിരുന്നു. ആവേശത്തോടെയാണ് അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതും. എന്നാൽ ആ സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത ഒട്ടേറെ സിനിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരുദിവസം പുനീത് സാർ എന്നെ വിളിച്ചു. ഈ സിനിമയിൽ എന്നെ ഉൾപ്പെടുത്താതെ മുന്നോട്ടുപോകൂ എന്ന് പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി കാത്തിരുന്നാൽ ആ വർഷം 'കാന്താര' എനിക്ക് ചെയ്യാൻ പറ്റില്ലെന്നാണ് പുനീത് സാർ പറഞ്ഞത്'.
അതിനുശേഷം ഋഷഭ് തന്നെ പ്രധാനകഥാപാത്രമാവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അതേ വർഷം തന്നെ പുനീത് കുമാർ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. കോളജ് കാലഘട്ടത്തിൽ രൂപപ്പെടുത്തിയെടുത്ത ചില ആശയങ്ങൾ ലോക്ക്‌ഡൗൺ സമയത്താണ് കാന്താരയായി രൂപം കൊണ്ടുവന്നതെന്ന് ഋഷഭ് തന്നെ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന് പൂർണത ലഭിക്കാൻ തീരദേശ കർണാടകയിലെ ഭാഷാശൈലി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം തയ്യാറായിരുന്നുവെന്നും ഋഷഭ് ഓർക്കുന്നു.
കാന്താരയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഒരു സിനിമയുടെ ചടങ്ങിനിടെ, പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന് രണ്ടു ദിവസം മുമ്പ് താൻ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ഋഷഭ് ഷെട്ടി വേദനയോടെ ഓർമിച്ചു. അന്ന് പുനീത് സാർ കാന്താരയുടെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കുകയും സിനിമയുടെ ദൃശ്യങ്ങൾ കണ്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വിട്ടുവീഴ്ചയുമില്ലാതെ നിങ്ങൾ ഈ സിനിമ ചെയ്യണം എന്ന് പറഞ്ഞ് അദ്ദേഹം ചിത്രത്തിന് എല്ലാ ആശംസകളും നേർന്നു. തന്റെ സിനിമ കാണാൻ അദ്ദേഹം ആകാംക്ഷയോടെ കാത്തിരുന്നുവെന്നും ഋഷഭ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

