ആറ് മണിക്കൂർ നീണ്ട മേക്കപ്പ്; കാന്താരയിൽ 'മായക്കാര'നായതും ഋഷഭ് ഷെട്ടി
text_fields‘കാന്താര: ചാപ്റ്റർ വണ്ണി’ലെ ആ സസ്പെൻസ് പുറത്ത്. ‘കാന്താര’യുടെ രണ്ടാം ഭാഗത്തിൽ മായക്കാരനെ അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. മായക്കാരൻ എന്ന കഥാപാത്രമായി മാറുന്ന ഋഷഭ് ഷെട്ടിയുടെ വിഡിയോ നിർമാതാക്കൾ പങ്കുവെച്ചു.
നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബിഹൈന്‍റ്-ദി-സീൻ വിഡിയോയിലാണ് നടൻ മായക്കാരനാകാൻ മേക്കപ്പ് ഇടുന്നത് കാണുന്നത്. 'കാന്താര ചാപ്റ്റർ 1ലെ നിഗൂഢമായ 'മായക്കാര'നായി ഋഷഭ് ഷെട്ടി മാറുന്നതിന് പിന്നിലെ മാന്ത്രികതക്ക് സാക്ഷ്യം വഹിക്കുക. ഈ നിഗൂഢ കഥാപാത്രത്തെ ജീവസുറ്റതാക്കിയ മണിക്കൂറുകളുടെ കലാസൃഷ്ടി, സമർപ്പണം, സങ്കീർണ വിശദാംശങ്ങൾ എന്നിവയിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടം' -എന്ന അടിക്കുറിപ്പോടെയാണ് എക്സ് പോസ്റ്റ് പങ്കുവെച്ചത്.
ആ കഥാപാത്രത്തിന്‍റെ മേക്കപ്പിന് ഏകദേശം ആറ് മണിക്കൂർ എടുത്തെന്നാണ് റിപ്പോർട്ട്. ആറ് ദിവസം കൊണ്ടാണ് മായക്കാരന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയാണ് ഋഷഭിന്റെ മേക്കപ്പ് ആരംഭിക്കുന്നത്. വിഡിയോ പുറത്തു വന്നതോടെ നിരവധിപ്പേരാണ് കമന്‍റുമായി എത്തുന്നത്. അടുത്ത ദേശീയ അവാർഡും ഋഷഭിന് തന്നെയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ഈ വർഷം രാജ്യത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി ‘കാന്താര ചാപ്റ്റർ 1’ മാറി. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 800 കോടിയിലധികമാണ് ചിത്രം നേടിയത്. ഇതോടെ ഏറ്റവും വലിയ കലക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്. ഋഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം 2022ലെ ബ്ലോക്ക് ബസ്റ്റർ ചിത്രം കാന്താരയുടെ തുടർച്ചയാണ്. കെ.ജി.എഫ് ചാപ്റ്റർ 2ന് ശേഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രമാണിത്. രുഗ്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ വർഷത്തെ ആദ്യ 1000 കോടി ചിത്രമായി ‘കാന്താര ചാപ്റ്റർ 1’ മാറുമോ എന്നാണ് ഇപ്പോൾ സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

