ഹോളിവുഡിന്റെ പുതിയ മാസ്റ്റർപീസ്: ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'ക്ക് പ്രീമിയറിൽ ഗംഭീര വരവേൽപ്പ്
text_fieldsഒഡീസി
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി' ലണ്ടനിൽ നടന്ന ലോക പ്രീമിയറിലൂടെ സിനിമാലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. ഗ്രീക്ക് കവി ഹോമറിന്റെ വിഖ്യാത ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ഇതിനോടകം തന്നെ ഒരു 'സിനിമയിലെ മാസ്റ്റർപീസ്' ആണെന്നാണ് നിരൂപകർ പറയുന്നത്. ജൂലൈ 17നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.
പൂർണ്ണമായും ഐമാക്സ് കാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമെന്ന പ്രത്യേകത 'ദി ഒഡീസി'ക്കുണ്ട്. നോളന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സാങ്കേതിക നേട്ടമാണിതെന്ന് നിരൂപകർ വിലയിരുത്തുന്നു. ഐമാക്സ് ഫോർമാറ്റിൽ ചിത്രം കാണുന്നത് ഒരു അവിസ്മരണീയ അനുഭവമായിരിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിന്റെ സ്കെയിൽ, സൗണ്ട് ഡിസൈൻ, ലുഡ്വിഗ് ഗോറാൻസൺ ഒരുക്കിയ സംഗീതം എന്നിവയെല്ലാം പ്രീമിയറിൽ പങ്കെടുത്തവരെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
നിരൂപകരുടെ അഭിപ്രായപ്രകാരം, നോളന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ചെറിയ തോതിലുള്ള ഹൊറർ ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഡീസിയസിന്റെ യാത്രയിലെ ദുരൂഹമായ നിഴലുകളും, മരണത്തെ അഭിമുഖീകരിക്കുന്ന നിമിഷങ്ങളും വളരെ തീവ്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന 20 മിനിറ്റുകൾ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന അനുഭവമായിരിക്കുമെന്ന് പ്രീമിയർ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രത്തിലെ വമ്പൻ താരനിരയുടെ പ്രകടനമാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. ഒഡീസിയസായി വേഷമിടുന്ന മാറ്റ് ഡാമൺ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ആൻ ഹാത്ത്‌വേ (പെനെലോപ്പ്), റോബർട്ട് പാറ്റിൻസൺ (ആന്റിനോസ്), ടോം ഹോളണ്ട് (ടെലിമാക്കസ്) എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. പ്രത്യേകിച്ച്, പാറ്റിൻസണിന്റെ വില്ലൻ വേഷം പ്രീമിയർ ഷോയിൽ വലിയ ശ്രദ്ധ നേടി. സെൻഡയ, ഷാർലിസ് തെറോൺ, ലൂപിറ്റ ന്യായോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ലണ്ടൻ പ്രീമിയറിന് ശേഷം ചിത്രം ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലൂടെ പര്യടനം നടത്തും. ജൂലൈ 8ന് പാരീസിലും, ജൂലൈ 11ന് മുംബൈയിലും ചിത്രത്തിന്റെ പ്രീമിയർ നടക്കും. ജൂലൈ 14ന് ന്യൂയോർക്കിലെത്തുന്ന ചിത്രസംഘം, തുടർന്ന് ജൂലൈ 17ന് അമേരിക്കയിലും യുകെയിലും ചിത്രം തിയറ്ററുകളിൽ എത്തിക്കും. ജൂലൈ 30ന് ബീജിങ്ങിലും ആഗസ്റ്റ് 4ന് സിയോളിലും ചിത്രം പ്രദർശിപ്പിക്കും.
യൂണിവേഴ്സൽ പിക്ചേഴ്സും നോളന്റെ സ്വന്തം നിർമാണ കമ്പനിയായ സിൻകോപ്പി ഇങ്കും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു വലിയ തിയറ്റർ അനുഭവമായി 'ദി ഒഡീസി' മാറുമെന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

