ക്രിസ്റ്റഫർ നോളൻ മുംബൈയിലേക്ക്; പുതിയ ചിത്രം 'ദി ഒഡീസി'യുടെ ഗ്ലോബൽ പ്രീമിയർ ഇന്ത്യയിലുമുണ്ടാകും
text_fieldsദി ഒഡീസി, ക്രിസ്റ്റഫർ നോളൻ
മുംബൈ: ലോകസിനിമയിലെ ഇതിഹാസ സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ പുതിയ ചിത്രമായ 'ദി ഒഡീസി' യുടെ പ്രീമിയർ ഷോക്കായി അടുത്ത മാസം മുംബൈയിലെത്തും. ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായുള്ള ഔദ്യോഗിക ഇന്റർനാഷണൽ ടൂറിന്റെ ഭാഗമായാണ് നോളൻ ഇന്ത്യയിലെത്തുന്നത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നീ നഗരങ്ങൾക്കൊപ്പം മുംബൈയെയും ഈ ഗ്ലോബൽ ടൂറിന്റെ ഔദ്യോഗിക വേദിയായി യൂണിവേഴ്സൽ പിക്ചേഴ്സ് ഇന്റർനാഷണൽ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്ത്യയിൽ നടക്കുന്നത്.
നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരും മുംബൈയിലെ പരിപാടിയിൽ പങ്കെടുക്കും. ജൂലൈ 17നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി മുംബൈയിലെ പി.വി.ആർ ഐക്കൺ ഐമാക്സ്: ഫീനിക്സ് പല്ലാഡിയം തിയറ്ററിലായിരിക്കും ഇന്ത്യയിലെ പ്രീമിയർ ഷോ നടക്കുക.
ഹോമറിന്റെ വിഖ്യാത ഇതിഹാസമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റഫർ നോളൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോയ് നഗരത്തിന്റെ തകർച്ചക്ക് ശേഷം ഒഡീസിയസ് തന്റെ ജന്മനാട്ടിലേക്ക് നടത്തുന്ന പത്ത് വർഷം നീണ്ട സാഹസികമായ കടൽയാത്രയാണ് സിനിമയുടെ പ്രമേയം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ലോകസിനിമയിൽ സാങ്കേതികമായി വലിയൊരു വിപ്ലവത്തിനാണ് ഈ ചിത്രം തുടക്കമിടുന്നത്.
ചരിത്രത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം പൂർണ്ണമായും ഐമാക്സ് കാമറകൾ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുകയാണ്. ഇതിനായി പുതിയ ഐമാക്സ് ഫിലിം സാങ്കേതികവിദ്യയാണ് നോളൻ ഉപയോഗിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൽ മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവർക്ക് പുറമെ ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ, ലുപിത ന്യൂയോംഗോ, സാമന്ത മോർട്ടൺ, സെൻഡയ, ചാർലിസ് തെറോൺ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. നോളന്റെയും എമ്മ തോമസിന്റെയും ഉടമസ്ഥതയിലുള്ള 'സിൻകോപ്പി' എന്ന കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഐമാക്സ് സ്ക്രീനുകളിലേക്കുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ജൂൺ 8 മുതൽ ഇന്ത്യയിലുടനീളം ആരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്കിലെ വൻ വർധനവ് സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ പ്രീമിയം സീറ്റുകൾക്ക് 3,000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. മുംബൈയിലെ ചില ലേറ്റ് നൈറ്റ് ഷോകളുടെ ടിക്കറ്റ് നിരക്ക് 3,300 രൂപ വരെ ഉയർന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ചെലവേറിയ സിനിമാ ടിക്കറ്റുകളിലൊന്നാണിത്.
എന്നാൽ ഈ ഉയർന്ന നിരക്കുകൾ നോളൻ ആരാധകരെ ഒട്ടും പിന്നോട്ട് വലിച്ചില്ല. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ പല തിയറ്ററുകളിലെയും പ്രധാന ഷോകൾ പൂർണ്ണമായും വിറ്റുതീർന്നു. നോളന്റെയും ഹോളിവുഡ് താരങ്ങളുടെയും സാന്നിധ്യം കൊണ്ട് 'ദി ഒഡീസി'യുടെ ഇന്ത്യൻ പ്രീമിയർ വൻ ജനശ്രദ്ധ നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

