Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാവണ-ജടായു യുദ്ധത്തിന് ആറര വർഷം! പുഷ്പക വിമാനത്തിന് 50 ഡിസൈനും; രാമായണത്തിന്റെ മേക്കിങ്ങിനെ കുറിച്ച് സംവിധായകൻ

text_fields
bookmark_border
Ramayana
cancel
camera_alt

രാമായണ

സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങുന്ന ‘രാമായണ’ എന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദംഗൽ, ചിച്ചോരെ പോലുള്ള ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിതേഷ് തിവാരിയാണ് ഈ ഇതിഹാസ കാവ്യം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ബോളിവുഡ് താരം രൺബീർ കപൂർ ശ്രീരാമനായും, സായി പല്ലവി സീതാദേവിയായും, യാഷ് രാവണനായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിന്റെ ബഡ്ജറ്റ് തന്നെ 1000 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഇതാ ചിത്രത്തിന്റെ നിർമാണത്തിന് പിന്നിലെ കഠിനാധ്വാനത്തെ കുറിച്ച് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. രാമായണത്തിലെ ഹൃദയസ്പർശിയായ ഒരു ഏടാണ് ജടായുവിന്റെ കഥ. സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകുന്ന രാവണനെ ആകാശത്ത് വെച്ച് തടഞ്ഞ് ജടായു നടത്തുന്ന പോരാട്ടം. ഈ രംഗം സിനിമയിൽ പകർത്താൻ നിതേഷ് തിവാരിയും സംഘവും എടുത്ത സമയം ആറര വർഷമായിരുന്നു.

ഷ്രേയാസ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിതേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്. ‘നിങ്ങൾക്കറിയാമോ രാവണനും ജടായുവും തമ്മിലുള്ള ആ യുദ്ധം പൂർത്തിയാക്കാൻ ഞങ്ങൾ എത്ര സമയമെടുത്തുവെന്ന്? ഞാൻ ആദ്യത്തെ ആർട്ടിസ്റ്റിന് ആ സീനിനെ കുറിച്ച് ബ്രീഫ് ചെയ്തത് മുതൽ അത് പൂർണ്ണമായും പൂർത്തിയാക്കുന്നത് വരെ ആറര വർഷം എടുത്തു.

ഒരു ആക്ഷൻ സീക്വൻസിന് വേണ്ടി മാത്രം. എല്ലാം തുടക്കത്തിൽ നിന്ന്, സീറോയിൽ നിന്ന് സൃഷ്ടിക്കാൻ എത്രത്തോളം പരിശ്രമം വേണ്ടിവന്നു എന്ന് പറയാൻ എനിക്ക് ഒരു മണിക്കൂർ എടുക്കും. ആയിരക്കണക്കിന് കലാകാരന്മാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്’ നിതേഷ് പറഞ്ഞു.

രാവണ-ജടായു യുദ്ധം ഇത്രയും നീണ്ടുപോകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് പുഷ്പക വിമാനമാണ്. രാവണൻ സഞ്ചരിച്ചിരുന്ന ഇതിഹാസ വിമാനം. ‘ആദ്യം ഞങ്ങൾ കരുതിയ ഡിസൈൻ വെച്ചാണ് യുദ്ധരംഗം പ്ലാൻ ചെയ്തത്. എന്നാൽ അവസാനം ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈൻ ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

അപ്പോൾ ഞങ്ങൾക്ക് ആ യുദ്ധത്തിന്റെ പല ഭാഗങ്ങളും വീണ്ടും ആദ്യം മുതൽ ചെയ്യേണ്ടി വന്നു. അതാണ് ഇത്രയും സമയം എടുക്കാൻ കാരണം. ഞങ്ങൾക്ക് പുഷ്പക വിമാനത്തെ വെറുമൊരു പറക്കും യന്ത്രമായി കാണിക്കാൻ ആഗ്രഹമില്ലായിരുന്നു. അതിന് പിന്നിൽ ഒരു ശാസ്ത്രം ഉണ്ടെന്ന് തോന്നണം. കാരണം അക്കാലത്ത് നടന്ന എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഒരു ശാസ്ത്രമുണ്ടായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ നിതേഷ് വിശദീകരിച്ചു.

രാമായണ ഒറ്റ ചിത്രമായല്ല, രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗം ഈ വർഷത്തെ ദീപാവലിക്ക്, അതായത് 2026 നവംബർ മാസത്തിൽ തിയറ്ററുകളിൽ എത്തും. രണ്ടാം ഭാഗം ആദ്യം 2027 ദീപാവലിക്ക് ആണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും, ഇപ്പോൾ പുറത്തുവരുന്ന അന്താരാഷ്ട്ര റിപ്പോർട്ടുകൾ അനുസരിച്ച് 2028 ദീപാവലിയിലേക്ക് മാറ്റിയേക്കും എന്നും സൂചനയുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ അവതാറിനോടും ലോർഡ് ഓഫ് ദി റിങ്സിനോടും കിടപിടിക്കുന്ന വിധത്തിലാണ് രാമായണ ഒരുങ്ങുന്നത് എന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nitesh Tiwari reveals 6.5 years went into Ravana-Jatayu fight
Next Story