തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം; 36 വർഷങ്ങൾക്ക് ശേഷം 'ഗീതാഞ്ജലി' വീണ്ടും തിയറ്ററുകളിലേക്ക്
text_fieldsഗീതാഞ്ജലി
മണിരത്നം സംവിധാനം ചെയ്ത്, നാഗാർജുനയും ഗിരിജ ഷെട്ടാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്ലാസിക് റൊമാന്റിക് ചിത്രം 'ഗീതാഞ്ജലി' 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദാണ് ചെന്നൈ ഒഴികെയുള്ള സ്ഥലങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം സ്വന്തമാക്കിയത്. 1989ലാണ് ചിത്രം റിലീസ് ചെയ്തത്.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണിത്. അതിനാൽത്തന്നെ ഗീതാഞ്ജലിയുടെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ ശിവപ്രസാദ് പറഞ്ഞു. 4K പതിപ്പിലാണ് ചിത്രം റീ-റിലീസിനെത്തുന്നത്. തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണിത്. അതുപോലെ തന്നെ നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രവും ഗീതാഞ്ജലിയാണ്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
മരണാസന്നരായ രണ്ട് ചെറുപ്പക്കാരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും, ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു. മരണം അടുത്തുണ്ടെന്നറിഞ്ഞിട്ടും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ഇളയരാജയുടെ ഗാനങ്ങൾക്ക് ഇന്നും പ്രത്യേക ഫാൻബേസുണ്ട്. പ്രത്യേകിച്ച് ഓ പ്രിയാ പ്രിയാ, ജല്ലന്ത കവിന്ത തുടങ്ങിയ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു.
നാഗാർജുന അക്കിനേനി, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ആക്ഷൻ ഹീറോ പരിവേഷമുണ്ടായിരുന്ന നാഗാർജുനയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണിത്. ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു. ഗീതാഞ്ജലി പുറത്തിറങ്ങിയ അതേ വർഷം തന്നെ റിലീസ് ചെയ്ത നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായ 'ശിവ'യും ഏതാനും ആഴ്ചകൾക്ക് മുമ്പ് വമ്പൻ റീ-റിലീസ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

