'സിനിമയിൽ അദ്ദേഹത്തിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്, അത് അയാളുടെ ജീവിതമാണ്; എന്‍റെ നൂറാം സിനിമയിലും മോഹൻലാൽ തന്നെ നായകൻ' -പ്രിയദർശൻ
text_fieldsപ്രിയദർശനും മോഹൻലാലും
1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തിയാണ് പ്രിയദർശനും മോഹൻലാലും സംവിധായകനും നടനുമായി ആദ്യമായി ഒന്നിച്ച ചിത്രം. അതിന് ശേഷം ഈ കൂട്ടുകെട്ടിൽ 44 ലേറെ ചിത്രങ്ങളാണ് പുറത്തുൂവന്നത്. മരക്കാർ അറബിക്കടലിന്‍റെ സിംഹം ആയിരുന്നു അവസാന ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് പ്രിയൻ ലാലു കോമ്പോ. മലയാള സിനിമയുടെ മുഖചിത്രമായ പല ചിത്രങ്ങളും ഈ കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ചിവയാണ്.
എൺപതുകളുടെ തുടക്കത്തിൽ, കോളജ് പഠനം കഴിഞ്ഞെത്തിയ രണ്ട് യുവാക്കൾ സിനിമലോകത്ത് ഒരു കരിയർ രൂപപ്പെടുത്താൻ തീരുമാനിക്കുന്നു. ഒരാൾ തിരക്കഥാരചനയിലും സംവിധാനത്തിലും താല്പര്യം പ്രകടിപ്പിക്കുന്നു. മറ്റൊരാൾ ഒരു നടനെന്ന നിലയിൽ കാമറക്ക് മുന്നിൽ വരാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ തുടങ്ങിയ രണ്ട്പേർ മലയാള സിനിമ ഇന്‍റസ്ട്രിയിൽതന്നെ മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത കൂട്ടുകെട്ടായി മാറിയ കാഴ്ചയാണ് നാം കണ്ടത്. അവരുടെ കോമഡി ഹിറ്റുകൾ ഇപ്പോഴും മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
തന്‍റെ നൂറാമത്തെ സിനിമക്കുള്ള ഒരുക്കത്തിലാണിപ്പോൾ പ്രിയദർശൻ. നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാൻ കഴിയില്ലെന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. മോഹൻലാലുമായുള്ള ബന്ധത്തെകുറിച്ച് വളരെ വൈകാരികമായാണ് അദ്ദേഹം സംസാരിച്ചത്. തന്‍റെ സംവിധായക ജീവിതത്തിൽ ഈ ബന്ധം എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം സംസാരിച്ചു.
'എനിക്ക് മറ്റു പ്ലാനുകൾ ഒന്നുമില്ല, പക്ഷേ ഒരു കാര്യം ഉറപ്പു പറയാം, എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണ്. കാരണം ഞാൻ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരൻ അയാളാണ്. അദ്ദേഹം എന്നെ സിനിമകൾ എടുക്കാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹൻലാൽ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമക്ക് മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്‍റെ ആദ്യത്തെ സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകൻ നൂറാമത്തെ സിനിമയിലും മോഹൻലാൽ ആകും നായകൻ. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്‍റെയും സംവിധായകന്‍റെയും കാര്യത്തിൽ സംഭവിച്ചിട്ടില്ല', പ്രിയദർശൻ പറഞ്ഞു.
മളപെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, കിലുക്കം, വന്ദനം, തേൻമാവിൻ കൊമ്പത്ത്, താളവട്ടം, കാലാപാനി, മിഥുനം, ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ഇവർ മോളിവുഡിന് സമ്മാനിച്ചിട്ടുള്ളത്. 'ഹൈവാൻ' എന്ന ഹിന്ദി ചിത്രമാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ പുതുതായി പുറത്തിറങ്ങാനുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷം അക്ഷയ് കുമാർ ആണ് ചെയ്യുക. ഒരിടവേളക്ക് ശേഷമാണ് അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

