കല കലക്കുവേണ്ടിയോ അതോ ജീവിതത്തിനുവേണ്ടിയോ? കലകളുടെ ആരംഭകാലം തൊട്ടുള്ള ഇൗ സമസ്യ ലോകാവസാനം വരെ തുടരാൻതന്നെയാണ് സാധ്യത. ഇതിനിടയിൽ മാരാരെപ്പോലുള്ളവർ 'കല ജീവിതംതന്നെ' എന്ന തിയറിയും സങ്കൽപിച്ചുവെച്ചിട്ടുണ്ട്.
ഇതിൽ ഏതു പക്ഷത്തുനിന്നാലും, ഭരണകൂടത്തോടൊപ്പം നിലയുറപ്പിക്കുക എന്ന പ്രായോഗിക നിലപാടുകൂടി സ്വീകരിച്ചാലേ നമ്മുടെ രാജ്യത്ത് ഒരു കലാകാരന് ഇന്ന് നിലനിൽപ് സാധ്യമാകൂ. കലാകാരൻ അംഗീകരിക്കപ്പെടണമെങ്കിൽ അവർ വിമതപക്ഷത്ത് നിൽക്കുകയല്ല, ഭരണകൂടത്തിെൻറ നാവായി മാറുകയാണ് വേണ്ടത് എന്നാണ് 'മോദികാല'ത്തിെൻറ സവിശേഷത.
മഹാരാഷ്ട്രയിലെ കോൺഗ്രസ്-ശിവസേന സർക്കാറിനെതിരെ മോദിക്കുവേണ്ടി പടനയിച്ചതിെൻറ പേരിലാണ് കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതെന്ന ദോഷൈകദൃക്കുകളുടെ ഭാഷ്യത്തിെൻറ പൊരുൾ ഇതാണ്. ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലെ മറ്റു പേരുകാരും ഇത്തരക്കാരാണെന്ന് തെറ്റിദ്ധരിക്കരുത്.
അൽപം മോദിഭക്തിയുണ്ടെങ്കിലും ഒട്ടും രാഷ്ട്രീയമില്ലാത്ത പ്രിയദർശനെപ്പോലുള്ളവരും അക്കൂട്ടത്തിലുണ്ടല്ലോ. എന്നുവെച്ച്, പ്രിയെൻറ 'രാഷ്ട്രീയ കലാചാതുര്യ'ത്തെ സംശയിക്കാതിരിക്കാനും കഴിയില്ല. ഏതായാലും, 'മരക്കാറി'ലൂടെ പ്രിയൻ വീണ്ടും മികച്ച ചിത്രത്തിനുള്ള പുരസ്കാരം മലയാള നാട്ടിലെത്തിച്ചിരിക്കുകയാണ്.
ഇതാദ്യമായല്ല പ്രിയെൻറ ചിത്രം ദേശീയ പുരസ്കാരം നേടുന്നത്. 2007ൽ, പ്രകാശ്രാജ് തകർത്തഭിനയിച്ച 'കാഞ്ചീവരം' എന്ന തമിഴ് ചിത്രം ദേശീയ പുരസ്കാരത്തിന് അർഹമായിട്ടുണ്ട്. പ്രിയദർശെൻറ സിനിമാജീവിതത്തിലെ ഏറ്റവും വേറിട്ട ചിത്രമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: കാഞ്ചീവരം. പ്രിയെൻറ സിനിമാ ഗ്രാമറുകളെ അദ്ദേഹംതന്നെ സ്വയം തിരുത്തിയ ചലച്ചിത്രം. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം. കാഞ്ചീവരത്തിന് അവാർഡ് പ്രഖ്യാപിക്കുേമ്പാൾ ആ സിനിമ കണ്ടവരാരും ഞെട്ടിയില്ല. കാരണം, അതവർ പ്രതീക്ഷിച്ചതായിരുന്നു. പേക്ഷ, 'മരക്കാറി'െൻറ കാര്യം അങ്ങനെയല്ല.
'മരക്കാർ: അറബിക്കടലിെൻറ സിംഹം' എന്ന നെടുങ്കൻ പേരിട്ടിരിക്കുന്ന ആ സിനിമ ആകെ കണ്ടവർ രണ്ടേരണ്ടു വിഭാഗം ആളുകളാണ്: സെൻസർ ബോർഡും പിന്നെ ജൂറി അംഗങ്ങളും. തിയറ്റർ റിലീസിന് ഇനിയും രണ്ടു മാസം ബാക്കിയുള്ള ആ ചിത്രത്തിനാണ് മികച്ച ചിത്രത്തിനടക്കം മൂന്ന് അവാർഡ് കിട്ടിയിരിക്കുന്നത്.
കുഞ്ഞാലി മരക്കാറായി മോഹൻലാൽ വേഷമിടുന്ന ചരിത്രസിനിമയുടെ ഷൂട്ടിങ് സമയത്തുതന്നെ, അതിെൻറ നിർമാണത്തെക്കുറിച്ചും ചരിത്രവിരുദ്ധതയെക്കുറിച്ചുമൊക്കെ ചില അപശബ്ദങ്ങൾ കേട്ടിരുന്നു. അതുകൊണ്ടുതന്നെ, 'മരക്കാർ' കണ്ടതിനുശേഷമേ പ്രേക്ഷകന് ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്താനാകൂ. പ്രിയെൻറ കാര്യത്തിൽ ഇപ്പോൾ ഇങ്ങനെയൊരു സംശയം നിലനിൽക്കുന്നതും ഇൗ കൺഫ്യൂഷെൻറ പുറത്താണ്.
കങ്കണയെപ്പോലെയല്ല പ്രിയദർശൻ. മോദിഭക്തിയാലും കോൺഗ്രസ് വിദ്വേഷത്താലും മഹാരാഷ്ട്രയെ 'അധിനിവേശ കശ്മീർ' എന്നൊക്കെയാണ് കങ്കണ വിശേഷിപ്പിച്ചത്. തെൻറ ഒാഫിസ് രാമക്ഷേത്രമാണെന്നും അത് പൊളിച്ച ബാബർമാരാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും കങ്കണ വിളിച്ചുപറഞ്ഞിട്ടുണ്ട്.
മോദിയെ വിമർശിച്ച പല സെലിബ്രിറ്റികളെയും നല്ല തെറിയും വിളിച്ചിട്ടുണ്ട് അവർ. അത്രയും ഭ്രാന്തമായ മോദിഭക്തിയിലേക്കൊന്നും പ്രിയൻ പോയിട്ടില്ല. പേക്ഷ, മോദിയുടെ പല നയങ്ങളിലും തൃപ്തനാണ്. ഉദാഹരണത്തിന്, പൗരത്വ ഭേദഗതി നിയമം തന്നെ എടുക്കുക. സംഗതി നല്ലൊരു ആശയമാണെന്നാണ് ടിയാെൻറ പക്ഷം. അതിനെതിരെ പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ പ്രതിഷേധിച്ച അനുരാഗ് കശ്യപിനെപ്പോലുള്ളവർ സോഷ്യൽ മീഡിയ അറ്റൻഷനുവേണ്ടി പണിയെടുക്കുന്നുവെന്നാണ് പ്രിയെൻറ മോദിദർശനങ്ങളിലൊന്ന്.
എന്നുവെച്ച്, ആളൊരു ബി.ജെ.പിക്കാരനാണെന്ന് ധരിക്കരുത്. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല എന്ന് ആവർത്തിച്ച് പറയാറുണ്ട്. പ്രീഡിഗ്രി കാലത്ത് എ.ബി.വി.പിയുടെ പ്രവർത്തകനായിരുന്നുവത്രെ. ഡിഗ്രി ഒന്നാം വർഷമെത്തിയപ്പോൾ ചെെങ്കാടിയേന്തി; കോഴ്സ് തീരാറായപ്പോഴേക്കും കെ.എസ്.യുവിൽ ചേർന്നു.
എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുള്ളതിനാലാണ് ഇൗ മാറ്റമെന്നാണ് വാദം. ഇങ്ങനെ ഏതു പാർട്ടിയിലേക്കും ഞൊടിയിടയിൽ പകർന്നാടണമെങ്കിൽ അതിനു പിന്നിലൊരു രാഷ്ട്രീയം അറിയാതെയെങ്കിലും കടന്നുകൂടിയിട്ടുണ്ടാകണം. അത് ചില സന്ദർഭങ്ങളിൽ വെളിപ്പെട്ടിട്ടുമുണ്ട്. മൂന്നാല് വർഷം മുമ്പ്, ആർ.എസ്.എസിെൻറ സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമായിരുന്നു അതിലൊന്ന്.
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയുംകൊണ്ടാണ് മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചുവളർന്നതെന്നും അതൊന്നും ഭീരുത്വമോ ദൗർബല്യമോ ആയി ആരും കണക്കാക്കരുത് എന്നുമാണ് ടിയാൻ അന്ന് പ്രസംഗിച്ചത്. എന്നാലും, തനിക്ക് രാഷ്ട്രീയമില്ല എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിെൻറ ഗണേഷ് കുമാറിനുവേണ്ടിയും സാക്ഷാൽ മോദിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങിയത് വെറും വ്യക്തിബന്ധത്തിെൻറ പുറത്തു മാത്രം.
1957 ജനുവരി 30ന് അമ്പലപ്പുഴയിൽ സോമൻ നായരുടെയും രാജമ്മയുടെയും മകനായി ജനനം. പിതാവ് കേരള യൂനിവേഴ്സിറ്റിയിൽ ലൈബ്രേറിയനായിരുന്നു. പ്രിയദർശൻ എന്ന പേരിട്ടത് തിക്കുറിശ്ശിയാണത്രെ. ചെറുപ്പത്തിൽ ക്രിക്കറ്റിനോടായിരുന്നു പ്രിയം. കോളജ് കാലത്ത് കളിക്കുന്നതിനിടെ, കണ്ണിന് പരിക്കുപറ്റിയതോടെ പിതാവ് ബാറ്റും പാഡുമൊക്കെ കത്തിച്ചുകളഞ്ഞു. അതോടെ, ആ അധ്യായം അവസാനിച്ചു. നന്നായി വായിക്കുമായിരുന്നു.
ആ വായനയാണ് സിനിമാലോകത്തെത്തിച്ചത് എന്നു പറയാം. എം.ടിയുടെ 'ഒാളവും തീരവും' എന്ന സിനിമയുടെ തിരക്കഥ വായിച്ചതോടെയാണ് സിനിമാമോഹം ഉദിച്ചത്. തിരക്കഥ വായിക്കുേമ്പാൾ ആ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അക്കാലത്ത് തിരുവനന്തപുരം ആകാശവാണി നിലയത്തിനുവേണ്ടി നാടകങ്ങൾ എഴുതിയിരുന്നു. ആ എക്സ്പീരിയൻസിെൻറ പുറത്താണ് മദിരാശിയിലേക്ക് വണ്ടികയറിയത്. പലരെയുംപോലെ ആദ്യത്തെ ഏതാനും മാസങ്ങൾ പട്ടിണിയുടേതായിരുന്നു.
പതിയെ കയറി വന്നു. ആകാശവാണിക്കുവേണ്ടി അവതരിപ്പിച്ച ചാൾസ് ഡിക്കൻസിെൻറ ഒരു നാടകം അൽപസ്വൽപം ഭേദഗതി വരുത്തിയാണ് ആദ്യ സിനിമ തയാറാക്കിയത്: പൂച്ചക്കൊരു മൂക്കുത്തി. ഡിക്കൻസിെൻറ നാടകവും സ്വന്തം വീട്ടിൽ അച്ഛനും അമ്മയും നടത്തിക്കൊണ്ടിരുന്ന 'വഴക്കുസംഭാഷണ'ങ്ങളും ചേർത്താണ് ആദ്യ സിനിമ പിറവികൊള്ളുന്നത്. ഇൗ 'ഇൻസ്പിരേഷൻ മെക്കാനിസം' പിന്നീടുള്ള പല സിനിമകളിലും ആവർത്തിച്ചിട്ടുണ്ട്. നിരൂപകരിൽ പലരും അതിനെ കോപ്പിയടി എന്നു വിശേഷിപ്പിച്ചു. ആ കുറ്റപ്പെടുത്തലിനെ എതിർക്കാനൊന്നും പോയില്ല, എന്നുവെച്ച് പൂർണമായും ഏറ്റുപറഞ്ഞുമില്ല.
രണ്ടിനുമിടയിലുള്ള ഒരു കെമിസ്ട്രിയിലൂടെയാണ് തെൻറ സിനിമകൾ ജനിക്കുന്നതെന്ന് ആത്മാഭിമാനത്തോടെ വിളിച്ചുപറഞ്ഞു. 'ബോയിങ് ബോയിങ്' പോലുള്ള സിനിമകളുടെ തുടക്കത്തിൽ ഇത് ഇൻസ്പിരേഷൻ ആണ് എന്ന് തുറന്നുപറയുകയും ചെയ്തു. മൂന്നര പതിറ്റാണ്ട് പിന്നിട്ട ചലച്ചിത്രജീവിതത്തിനിടയിൽ എണ്ണംപറഞ്ഞ എഴുപതോളം സിനിമകൾ. അതിൽ നല്ലൊരു പങ്കും ബോളിവുഡ് ചിത്രങ്ങളാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ സിനിമയെടുത്ത രണ്ടാമത്തെയാളാണ്. മലയാളത്തിൽ ഹാസ്യത്തിന് പുതിയ നിറം നൽകിയെന്നതാണ് എടുത്തുപറയേണ്ട സവിശേഷത.
ഹിന്ദുത്വ, സവർണതയുടെ പല ബിംബങ്ങളും ബോധപൂർവം പകർത്തിയെന്ന വിമർശനവുമുണ്ട്. ഇതൊന്നും ബോധപൂർവമല്ല, സംഭവിച്ചുപോയതെന്നാണ് മറുപടി. ബുദ്ധിജീവികൾക്കുവേണ്ടിയല്ല തെൻറ സിനിമ എന്നും ആവർത്തിക്കാറുണ്ട്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പത്മശ്രീ അടക്കമുള്ള എത്രയോ അംഗീകാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്.