നിങ്ങളൊരു അസാമാന്യ നടനും അതിലുപരി നല്ലൊരു മനുഷ്യനുമാണ്...; അച്ഛന് ആശംസ അറിയിച്ച് വിസ്മയ
text_fieldsവിസ്മയയും മോഹൻലാലും
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ. അച്ഛന്‍റെ വിജയത്തിൽ പ്രശംസ അറിയിച്ച് മകൾ വിയ്മയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മോഹൻ ലാലിന്‍റെ പല കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കിയ പോസ്റ്റിനുതാഴെ 'അഭിനന്ദനങ്ങൾ അച്ഛാ, നിങ്ങളൊരു അസാമാന്യ നടനും, അതിലുപരി നല്ലൊരു മനുഷ്യനുമാണ്, അതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു' - എന്ന് വിസ്മയ കുറിച്ചു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 21 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാള മണ്ണിലെത്തുന്നു. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
പുരസ്കാരത്തിന് അർഹനായ മോഹൻലാലിനെ നിരവധി പ്രമുഖർ അഭിനന്ദിച്ചു. ഇന്ത്യൻ സിനിമക്കും അതിന്‍റെ സംസ്കാരത്തിനും അദ്ദേഹം നൽകിയ അസാധാരണ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടനോടുള്ള തന്റെ ആരാധന പങ്കുവെച്ചു. 'ശ്രീ മോഹൻലാൽ ജി മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകളായി സമ്പന്നമായ പ്രവർത്തനങ്ങളിലൂടെ, മലയാള സിനിമയുടെ ഒരു പ്രധാന വെളിച്ചമായി അദ്ദേഹം നിലകൊള്ളുന്നു. കൂടാതെ കേരളത്തിന്റെ സംസ്കാരത്തോട് അഗാധമായ അഭിനിവേശവും അദ്ദേഹത്തിനുണ്ട്' -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മോഹൻലാലും അവാർഡ് നേട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. സിനിമ രംഗത്തെ ഏറ്റവും വലിയ അവാർഡാണ്. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡായി ഞാൻ ഇതിനെ കാണുന്നു. ജൂറിയോടും ഇന്ത്യൻ സർക്കാറിനോടുമുള്ള നന്ദി പറയുന്നു. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമക്കും എന്നെ ഒപ്പം പ്രവർത്തിച്ചവർക്കും നന്ദി പറയുന്നു. ഒരുപാട് മഹാന്മാർ നടന്ന വഴിയിലൂടെയാണ് ഞാനും നടക്കുന്നത്. ഈ അവാർഡ് മുമ്പ് ലഭിച്ചതൊക്കെ മഹാരഥന്മാർക്കാണ്. അതിന്‍റെ ഭാഗമാകാനായതിന്‍റെ നന്ദി ഞാൻ ഈശ്വരനോടും കുടുംബത്തോടും പ്രേക്ഷകരോടും പങ്കുവെക്കുന്നു. അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു. 48 വർഷത്തിൽ എന്നോടൊപ്പം പ്രവർത്തിച്ച പലരും ഇപ്പോൾ കൂടെയില്ല, അവരെല്ലാം ചേർന്നതാണ് മോഹൻലാൽ എന്ന നടൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമക്ക് ലഭിച്ചതിലാണ് സന്തോഷം' - എന്നാണ് മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

