'മലൈക്കോട്ടൈ വാലിബൻ' തിയറ്ററുകളിലേക്ക്, റിലീസ് തീയതിയും പോസ്റ്ററും പുറത്തുവിട്ട് മോഹൻലാൽ
text_fieldsസിനിമ ആസ്വാദകരും മോഹൻലാൽ ഫാൻസും ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റർ മോഹൻലാൽ തന്നെയാണ് ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ഗ്ലിമ്പ്സ് വിഡിയോയും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
ലിജോയുടെയും ടീമിന്റെയും മേക്കിങ് മികവിൽ മോഹൻലാൽ എന്ന പ്രതിഭാസത്തോടൊപ്പം മലയാള സിനിമയിൽ പുതിയ കാഴ്ചാനുഭവം മലൈക്കോട്ടൈ വാലിബൻ സമ്മാനിക്കുമെന്നുറപ്പാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബജറ്റ് ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. ഗുസ്‌തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. ചിത്രത്തിൽ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിരുന്നു ലൊക്കേഷൻ. 130 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു വാലിബന്.