മൈക്കിൾ ജാക്സന്‍റെ ബയോപിക് ഒ.ടി.ടിയിൽ; ‘മൈക്കിൾ’ എവിടെ കാണാം?
text_fieldsസംഗീതലോകത്തെ ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതം വെള്ളിത്തിരയിൽ അനാവരണം ചെയ്ത ബയോപിക് 'മൈക്കിൾ' ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തിയറ്ററുകളിൽ വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ശേഷമാണ് ഡിജിറ്റൽ റിലീസിനെത്തുന്നത്.
ജൂൺ 9, 2026നാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എത്തിയത്. ഇന്ത്യയിൽ 'ബുക്ക് മൈ ഷോ സ്ട്രീം, ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ ടിവി എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ചിത്രം ഇപ്പോൾ ലഭ്യമാണ്. ചിത്രം ഒ.ടി.ടിയിൽ എത്തിയെങ്കിലും, സാധാരണ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്നത് പോലെ സബ്‌സ്‌ക്രിപ്ഷൻ തുക നൽകി സൗജന്യമായി കാണാൻ നിലവിൽ സാധിക്കില്ല. പകരം, ഓരോ പ്ലാറ്റ്‌ഫോമിലും ഈ സിനിമ 'റെന്റ്' ചെയ്തോ അല്ലെങ്കിൽ 'പർച്ചേസ്' ചെയ്തോ മാത്രമേ നിലവിൽ കാണാൻ സാധിക്കൂ. അധികം വൈകാതെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലും ചിത്രം ലഭ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആന്റോയിൻ ഫ്യൂക്വ സംവിധാനം ചെയ്ത് ജോൺ ലോഗൻ തിരക്കഥയൊരുക്കിയ 'മൈക്കിൾ' 2026 ഏപ്രിൽ 24നാണ് തിയറ്ററുകളിൽ എത്തിയത്. മൈക്കിൾ ജാക്സന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംക്ഷ സിനിമയുടെ വിജയത്തിന് കാരണമായി. മൈക്കിൾ ജാക്സനായി ജഫാർ ജാക്സൺ വേഷമിട്ട ചിത്രം 2026ലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിൽ ഒന്നായി മാറി. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഏകദേശം 890 മില്യൺ ഡോളറാണ് വാരിക്കൂട്ടിയത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ മ്യൂസിക്കൽ ബയോപ്പിക്കുകളിൽ ഒന്നായും ചിത്രം ഇതിനകം മാറിക്കഴിഞ്ഞു.
ബോഹീമിയൻ റാപ്‌സൊഡി എന്ന സൂപ്പർഹിറ്റ് സിനിമയൊരുക്കിയ ഗ്രഹാം കിങ്ങാണ് മൈക്കിൾ നിർമിച്ചിരിക്കുന്നത്. ലയൺസ്‌ഗേറ്റിന്റെ ബാനറിലൊരുങ്ങിയ ചിത്രത്തിന് ജാക്സന്റെ പ്രശസ്തമായ ഗാനങ്ങൾ ഉപയോഗിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു. മോട്ടോൺ റെക്കോർഡ്സിലെ ആദ്യകാലം മുതൽ ആഗോള സൂപ്പർസ്റ്റാറായി മാറിയത് വരെയുള്ള മൈക്കൽ ജാക്സന്റെ ജീവിതമാണ് സിനിമയുടെ കാതൽ. 1998 വരെയുള്ള ജാക്സന്റെ ജീവിതമാണ് ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

