സൗദി ബോക്സോഫീസിൽ സർവകാല റെക്കോർഡിട്ട് മൈക്കിൾ ജാക്സെൻറ ബയോപിക് ‘മൈക്കിൾ’
text_fieldsറിയാദ്: പോപ് സംഗീത ലോകത്തെ ഇതിഹാസം മൈക്കിൾ ജാക്സെൻറ ജീവിതം ദൃശ്യാവിഷ്കാരമാക്കിയ ഹോളിവുഡ് ചിത്രം ‘മൈക്കിൾ’ സൗദി അറേബ്യയിൽ സർവകാല റെക്കോർഡുകളോടെ വൻ വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് ആറാമത്തെ ആഴ്ചയിലെത്തുമ്പോൾ സൗദി ബോക്സോഫീസിൽ സമാനതകളില്ലാത്ത വലിയൊരു തരംഗമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
ഈ ജൂൺ ഒന്ന് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, ചിത്രം സൗദിയിൽ നിന്ന് മാത്രം ആകെ 9.52 മില്യൺ യു.എസ് ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്. ഇത് ഏകദേശം 35.7 മില്യൺ സൗദി റിയാലാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 79 കോടിയിലധികം വരും). മിഡിൽ ഈസ്റ്റിൽ ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച പ്രധാന മാർക്കറ്റുകളിലൊന്നായി സൗദി അറേബ്യ മാറിക്കഴിഞ്ഞു.
തീയേറ്ററുകളെ ഇളക്കിമറിച്ച അഞ്ച് ആഴ്ചകൾ
അേൻറായിൻ ഫുക്വ സംവിധാനം ചെയ്ത്, മൈക്കിൾ ജാക്സെൻറ അനന്തരവൻ ജാഫർ ജാക്സൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏപ്രിൽ 24-നാണ് സൗദിയിലെ തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ 2.38 മില്യൺ ഡോളർ നേടിയ ചിത്രം, ഏപ്രിൽ 23 മുതൽ മെയ് 24 വരെയുള്ള തുടർച്ചയായ അഞ്ച് ആഴ്ചകളിൽ സൗദി ബോക്സോഫീസിൽ ഒന്നാം സ്ഥാനം നിലനിർത്തി ഒരപൂർവ നേട്ടം സ്വന്തമാക്കി.
രണ്ട് ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനകം സൗദിയിൽ തിയേറ്ററുകളിൽ ചിത്രം കണ്ടത്. രണ്ടാം വാരത്തിൽ മാത്രം 1.42 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8.61 മില്യൺ റിയാൽ നേടിയതോടെ ചിത്രത്തിെൻറ വരുമാനം കുതിച്ചുയർന്നു. ഒരു ഘട്ടത്തിൽ ‘മൈക്കിൾ’, ‘ദ ഡെവിൾ വിയേഴ്സ് പ്രാഡ 2’ എന്നീ ചിത്രങ്ങൾ ചേർന്ന് സൗദി ബോക്സോഫീസിെൻറ 58 ശതമാനവും കൈക്കലാക്കിയിരുന്നു. അക്കാലയളവിലെ ആകെ കളക്ഷനായ 26 മില്യൺ റിയാലിൽ 15 മില്യൺ റിയാലിലധികവും ഈ രണ്ട് ചിത്രങ്ങളിൽ നിന്ന് മാത്രമായിരുന്നു എന്നത് ചിത്രത്തിെൻറ ജനപ്രീതി വ്യക്തമാക്കുന്നു.
റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറ്റം
2018-ൽ സൗദി അറേബ്യയിൽ സിനിമാ തിയേറ്ററുകൾ പുനരാരംഭിച്ചതിന് ശേഷം റിലീസ് ചെയ്ത ഹോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡുകളിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് ‘മൈക്കിൾ’. ‘ടോപ് ഗൺ മാവെറിക്’, ‘ദ ബാറ്റ്മാൻ’, ‘മിനിയൻസ്: ദ റൈസ് ഓഫ് ഗ്രൂ’ എന്നീ വമ്പൻ ചിത്രങ്ങൾക്ക് തൊട്ടുപിന്നിലാണ് ഈ നേട്ടം.
അതോടൊപ്പം, 2018-ൽ പുറത്തിറങ്ങിയ ‘ബൊഹീമിയൻ റാപ്സോഡി’യുടെ 4.5 മില്യൺ ഡോളർ എന്ന റെക്കോർഡ് തകർത്തുകൊണ്ട് സൗദിയിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ‘മ്യൂസിക് ബയോഗ്രഫി’ എന്ന പദവിയും ചിത്രം സ്വന്തമാക്കി. ആക്ഷൻ, സൂപ്പർഹീറോ ജാനറുകളിലല്ലാത്ത ഒരു ഡ്രാമ ചിത്രത്തിന് സൗദി സിനിമാ വിപണിയിൽ ലഭിക്കുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്.
ആഗോള ബോക്സോഫീസിൽ രണ്ടാം സ്ഥാനം
ആഗോളതലത്തിലും ചിത്രം വൻ കുതിപ്പാണ് നടത്തുന്നത്. ആഗോള ബോക്സോഫീസിൽ 846 മില്യൺ ഡോളറിലധികം നേടിക്കൊണ്ട് 2026-ലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയചിത്രമായി ‘മൈക്കിൾ’ മുന്നേറുകയാണ്. നിലവിൽ ലോകമെമ്പാടുമായി ചിത്രം 857 മില്യൺ ഡോളർ പിന്നിട്ട് 900 മില്യൺ ഡോളർ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്.
155 മില്യൺ ഡോളർ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനകം നിർമാണച്ചെലവിെൻറ 5.5 മടങ്ങിലധികം ലാഭം കൊയ്തുകഴിഞ്ഞു. അമേരിക്ക, കാനഡ വിപണികളിൽ നിന്ന് 341.6 മില്യൺ ഡോളറും മറ്റ് 83 അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്ന് 509.8 മില്യൺ ഡോളറും ചിത്രം സമാഹരിച്ചു. കൂടാതെ, അമേരിക്കയിൽ ആദ്യ വാരാന്ത്യത്തിൽ മാത്രം 97 മില്യൺ ഡോളർ നേടിക്കൊണ്ട് ഒരു മ്യൂസിക് ബയോഗ്രഫിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോർഡും ചിത്രം കുറിച്ചു.
പ്രേക്ഷക ഹൃദയം കീഴടക്കി ജാഫർ ജാക്സൺ
130 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം 1960-കളിലെ ‘ജാക്സൺ 5’ മ്യൂസിക് ബാൻഡ് കാലഘട്ടം മുതൽ 1980-കളുടെ അവസാനത്തിലെ പ്രശസ്തമായ ‘ബാഡ് വേൾഡ് ടൂർ’ വരെയുള്ള മൈക്കിൾ ജാക്സെൻറ സംഗീത യാത്രയാണ് അവതരിപ്പിക്കുന്നത്. കൊൽമാൻ ഡൊമിംഗോ, നിയ ലോംഗ്, മൈൽസ് ടെല്ലർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മൈക്കിൾ ജാക്സണായി അനന്തിരവൻ ജാഫർ ജാക്സെൻറ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു കഴിഞ്ഞു. മൈക്കിളായി തന്നെ വിസ്മയകരമായ പകർന്നാട്ടമാണ് ജാഫർ നടത്തിയിരിക്കുന്നത്. ചിത്രത്തിെൻറ വൻ വിജയത്തെ തുടർന്ന് ഇതിെൻറ രണ്ടാം ഭാഗം ഒരുക്കുമെന്ന് നിർമാതാക്കളായ ലയൺസ്ഗേറ്റ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ ഒമ്പതിന് ചിത്രം ഡിജിറ്റൽ, 4K UHD, ബ്ലൂറേ ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. തുടർന്ന് ജൂലൈ 14-ഓടെ ചിത്രത്തിെൻറ ഡിവിഡി പതിപ്പുകളും വിപണിയിലെത്തും. തിയേറ്റർ പ്രദർശനങ്ങൾ പൂർണമായി അവസാനിക്കുമ്പോൾ, 2026-ൽ സൗദി ബോക്സോഫീസ് കണ്ട ഏറ്റവും മികച്ച ഹോളിവുഡ് ജീവചരിത്ര സിനിമ എന്ന ചരിത്ര റെക്കോർഡോടെയാകും ‘മൈക്കിൾ’ മടങ്ങുക. നിലവിൽ സൗദിയിലെ തിയേറ്ററുകളിൽ ഈ മാസം പകുതി വരെയും ഷോകൾ ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുണ്ട്. ആറാമത്തെ ആഴ്ചയിലും ഓരോ ഷോക്കും തിയേറ്ററുകൾ നിറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

