തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ഒടുവിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരും നടൻ മോഹൻലാലും വിട്ടുവീഴ്ചക്ക് തയാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഓഫീസിൽ വിവിധ സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഡിസംബർ രണ്ടിന് തിയറ്റർ റിലീസ് ഉണ്ടാകും. ആന്‍റണിയുടേത് ഉദാര സമീപനമാണ്. എല്ലാ സിനിമകളും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. ചിത്രീകരണം രണ്ടു വര്‍ഷം നീണ്ടു. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വെക്കുകയായിരുന്നു.