‘അദ്ദേഹത്തിന് 27 കാറുകൾ ഉണ്ടായിരുന്നു, എന്നാൽ ഒന്നുപോലും തൊടാൻ എന്നെ അനുവദിച്ചില്ല’- പിതാവ് മഹ്മൂദിന്റെ ഓർമകൾ പങ്കുവച്ച് ലക്കി അലി
text_fieldsമഹ്മൂദ് അലിയും ലക്കി അലിയും
ഇന്ത്യൻ സിനിമയിലെ പ്രശസ്ത നായകനും ഗായകനും സംവിധായകനും പ്രൊഡ്യൂസറുമായി അറിയപ്പെട്ട മഹ്മൂദ് അലിയുടെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മകൻ ലക്കി അലി. 300ലേറെ സിനിമകളിലായി നിരവധി അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച പിതാവിന്‍റെ പാത പിന്തുടർന്നാണ് ഗായകനും നടനുമായ ലക്കി അലി സിനിമാ മേഖലയിലേക്ക് എത്തിയത്. സിനിമാ കുടുംബത്തിൽ നിന്നാണ് ലക്കി വന്നതെങ്കിലും സംഗീതത്തിൽ തന്റേതായ പാത വെട്ടിത്തുറന്ന അദ്ദേഹം, 1990കളുടെ അവസാനത്തിൽ ‘ഓ സനം’ പോലുള്ള ഹിറ്റുകളിലൂടെ ശ്രദ്ധേയനായി.
സിനിമ മേഖലയിൽ ഏറെ ബഹുമാനിക്കപ്പെട്ട നടനായിരുന്നു മഹ്മൂദ്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കാൻ പോലും പല താരങ്ങളും ഭയപ്പെട്ടിരുന്നു. എന്നാൽ, അത് ഭയംകൊണ്ടായിരിക്കില്ല എന്നും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തോടുള്ള ആരാധന കൊണ്ടാകുമെന്നും ലക്കി പറഞ്ഞു. ‘കുഞ്ഞുന്നാളിലേ പിതാവ് എന്നെ ബോർഡിങ് സ്കൂളിൽ ആക്കിയിരുന്നു. സിനിമ മേഖലയിൽനിന്നും ആളുകളിൽ നിന്നും അദ്ദേഹമെന്നെ മാറ്റിനിർത്തി. അവധിക്ക് വീട്ടിൽ വരുമ്പോൾ മാത്രമായിരുന്നു അച്ഛനെ ഞാൻ കണ്ടിരുന്നത്. ഒരു വർഷത്തെ സ്കൂൾ പഠനത്തിൽ വെക്കേഷന് ഒന്നര മാസം ഞാൻ വീട്ടിൽ വരുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന ഒരേയൊരു സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ സെറ്റിൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്നീട് അമ്മയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ വിവാഹമോചിതരായതിനാൽ ഞാൻ ഇരുവുരോടൊപ്പവും മാറിമാറി സമയം ചെലവഴിച്ചു’ -ലക്കി അലി പറഞ്ഞു.
പിതാവുമായാണ് കൂടുതൽ അടുപ്പമെന്നും അമ്മ ദൂരെ ആയതിനാൽ ഒരു ടീനേജ് പ്രായമായപ്പോഴാണ് അമ്മയോട് ഏറെ സംസാരിക്കാൻ തുടങ്ങിയതെന്നും ലക്കി പറഞ്ഞു. ബോർഡിങ് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അവിടെ കുട്ടികളെ കാണാൻ വന്നിരുന്ന രക്ഷിതാക്കൾ മഹ്മൂദിന്‍റെ മകനായതിനാൽ എന്നെയും വന്നു കാണുമായിരുന്നു. അത് തനിക്ക് വിചിത്രമായി തോന്നിയിരുന്നു എന്ന് അലി പറഞ്ഞു.
അദ്ദേഹത്തിന്‍റെ മകനായതിനാൽ താൻ വളരെ അഭിമാനിച്ചിരുന്നു എന്ന് അലി പറഞ്ഞു. ‘പിതാവിനൊപ്പമുള്ള എന്റെ ഏറ്റവും മികച്ച നിമിഷങ്ങൾ സംഗീതത്തിൽ ഞാൻ പ്രശസ്തിയാർജിച്ച ശേഷമാണ്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. ഞങ്ങൾ വിദേശത്തേക്ക് പോയി. ഒരുമിച്ച് ഉംറ ചെയ്തു. അതുകൊണ്ട്തന്നെ അത് എനിക്ക് പ്രിയപ്പെട്ട സമയമായിരുന്നു. പ്രശസ്തി ചില സമയങ്ങളിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടായപോലെ എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, അത് ആളുകളുടെ പ്രതീക്ഷക്കനുസരിച്ച് ജീവിക്കാൻ നിങ്ങളെ നിർബന്ധിതരാക്കും. ഇത്തരം കാര്യങ്ങൾ ഒഴിച്ചാൽ അദ്ദേഹമൊരിക്കലും സന്തോഷമില്ലാതെ ഇരുന്നിട്ടില്ല’ - ലക്കി പറഞ്ഞു.
‘അദ്ദേഹം വീട്ടിൽ ഒരേസമയം തമാശക്കാരനും കർക്കശക്കാരനുമായിരുന്നു. കൗമാരക്കാരനായ ശേഷവും ആറുമണിക്കുശേഷം പുറത്തിറങ്ങാനുള്ള അനുവാദം എനിക്കുണ്ടായിരുന്നില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. എനിക്ക് പല കാര്യങ്ങളെക്കുറിച്ചും ആശയക്കുഴപ്പം തോന്നാറുണ്ട്. അപ്പോൾ അദ്ദേഹത്തെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യും. എനിക്ക് ഒരു പ്രശ്നം വരുമ്പോഴെല്ലാം പിതാവ് എന്‍റെ കൂടെ ഉണ്ടാകുമായിരുന്നു. എന്നെ വേദനിപ്പിക്കുന്ന ഏറ്റവും ആഴത്തിലുള്ള കാര്യത്തെക്കുറിച്ച് പോലും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എപ്പോഴും ഒരു ഉപദേശമോ പ്രോത്സാഹനമോ അദ്ദേഹം നൽകിയിരുന്നു. പക്ഷേ ഒരിക്കലും എന്നെ വഷളാക്കിയിട്ടില്ല’- ലക്കി പറഞ്ഞു.
‘അദ്ദേഹത്തിന് 27 കാറുകൾ ഉണ്ടായിരുന്നു, പക്ഷേ ഒന്ന് പോലും എനിക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പിതാവിന് ഒരു കോർവെറ്റ് ഉണ്ടായിരുന്നു. ഞാൻ അത് ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സ്വന്തമായി പണം സമ്പാദിക്കുമ്പോൾ നീ അത് വാങ്ങണം എന്നാണ് അദ്ദേഹം പറഞ്ഞത്. രാവിലെ അഞ്ചു രൂപ തരും. വൈകുന്നേരം അത് ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കും. ഞാൻ ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ ജീവിതത്തിൽ എന്തെങ്കിലും നേടിയതിന് ശേഷമാണ് അദ്ദേഹം എനിക്ക് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ എസ്റ്റേറ്റ് ഏൽപിച്ച പോലെ. പലരെയും അമിതമായി വിശ്വസിച്ചത് അദ്ദേഹത്തിനുതന്നെ വിനയായിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞത്, ‘നോക്കൂ, ഞാൻ എന്റെ എല്ലാ സഹോദരന്മാർക്കും പിതാവിനെപ്പോലെയായിരുന്നു. അതുപോലെ ഞാൻ പോയതിനുശേഷം നിന്‍റെ സഹോദരങ്ങളുടെ ഉത്തരവാദിത്തം നിനക്കാണ്’ -എന്നാണ്.
എന്നാൽ, ഞാൻ അതിൽ പരാജയപ്പെട്ടു. ജീവിതത്തിൽ എല്ലാവർക്കും അവരുടേതായ ദിശാബോധം ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ കാര്യങ്ങൾ ഒരുമിച്ച് നിർത്താൻ ആരുമുണ്ടായിരുന്നില്ല. ഇക്കാലത്ത് സന്തോഷിക്കാൻ എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ ചുറ്റുമുള്ള ആളുകളുടെ വേദന ഞാൻ അനുഭവിക്കുന്നു. അത് പരിഹരിക്കാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ഇതൊന്നും എന്റെ കൈകളിലല്ല’ -ലക്കി അലി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

