'ദീപിക പുരോഗമനവാദിയാണ്, അതുപോലെയുള്ളവരെയാണ് നമുക്ക് ആവശ്യം'; ഇൻഡസ്ട്രിയിൽ നിയമങ്ങൾ വേണമെന്ന് കൊങ്കണ
text_fieldsദീപിക പദ്കോണും കൊങ്കണ സെൻ ശർമയും
കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയത് സമൂഹമാധ്യമങ്ങലിൽ വലിയ ചർച്ചയായിരുന്നു. മുൻ ഭാഗത്തെ അപേക്ഷിച്ച് പ്രതിഫലത്തിൽ 25 ശതമാനം വർധനവ് ആവശ്യപ്പെട്ടതിനെ തുടർന്ന് നടിയും നിർമാതാക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ദിവസം എട്ടു മണിക്കൂറായി ഷൂട്ടിങ് സമയം പരിമിതപ്പെടുത്തുക എന്ന ദീപികയുടെ ആവശ്യവും പുറത്താകലിന് കാരണമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. താരത്തെ വിമർശിച്ചും അനുകൂലിച്ചും പല പ്രമുഖരും രംഗത്തു വന്നിരുന്നു.
എന്നാലിപ്പോൾ ദീപിക പദുക്കോണിന്റെ നിലപാടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ കൊങ്കണ സെന്‍ ശര്‍മ. ദീപിക പുരോഗമന ചിന്താക്കാരിയാണെന്നും അവരെ പോലെ കൂടുതല്‍ പേരെയാണ് നമുക്ക് ആവശ്യമെന്നുമാണ് ഫിലിമിജിയാന് നൽകിയ അഭിമുഖത്തില്‍ കൊങ്കണ സെന്‍ ശര്‍മ പറഞ്ഞത്. നേരത്തെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് അംഗീകരിക്കാതെ വന്നതോടെ ദീപിക പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്നും പിന്മാറിയിരുന്നു.
ദീപികയുടെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണെന്ന ചോദ്യത്തിന് 'അവൾ വളരെ പുരോഗമനവാദിയാണെന്നാണ് എനിക്ക് തോന്നുന്നത്, അവരെപ്പോലെയുള്ള ആളുകളെയാണ് നമുക്ക് ആവശ്യം' എന്നായിരുന്നു കൊങ്കണയുടെ മറുപടി. ദീപികയുടെ എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള സംസാരത്തിൽ 'ഇൻഡസ്ട്രിയിൽ ചില നിയമങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് 14-15 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ല. ഞങ്ങൾക്ക് ഒരു 12 മണിക്കൂർ ടേൺഅറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും അവധി നൽകണം. പ്രത്യേകിച്ച് ടെക്നീഷ്യൻമാർക്ക്. അത് തുല്യമായിരിക്കണം. നടന്മാര്‍ വൈകി വരികയും നടിമാര്‍ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതല്‍ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടാകരുത്. അതില്‍ സമത്വമുണ്ടാകണം' -എന്ന് കൊങ്കണ അഭിപ്രായപ്പെട്ടു.
ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ആവശ്യമല്ല താൻ മുന്നോട്ടുവെച്ചതെന്ന് മുൻപ് നൽകിയ അഭിമുഖത്തിൽ ദീപിക പറഞ്ഞിരുന്നു. പ്രമുഖ നായികമാരിൽ ഒരാളായ അവർക്ക് വർക്കിങ് ഷിഫ്റ്റിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിൽ ക്രൂവിന് അതിലും അധികമായിരിക്കണമെന്നും ദീപിക പറഞ്ഞിരുന്നു. 'ഞാൻ ആവശ്യപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത അന്യായമാണെന്ന് കരുതുന്നില്ല. സിസ്റ്റത്തിൽ വേണ്ടത്ര പ്രവർത്തിച്ച ഒരാൾക്ക് മാത്രമേ നമ്മൾ ജോലി ചെയ്യുന്ന സാഹചര്യങ്ങൾ അറിയാനാകൂ എന്ന് ഞാൻ കരുതുന്നു. ഒരു ടോപ്പ് സ്റ്റാർ ആയ എനിക്ക് അങ്ങനെ ആണെങ്കിൽ മറ്റുള്ളവർക്ക് പ്രത്രേകിച്ച് ക്രൂവിന് ജോലി സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ' -ദീപിക ബ്രൂട്ട് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഇതുപോലൊരു ആവശ്യം മുന്നോട്ടു വെക്കുന്ന ആദ്യത്തെ ആളല്ല ഞാന്‍. സത്യത്തില്‍ ഒരുപാട് നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അതൊന്നും ഒരിക്കലും തലക്കെട്ടുകളാകില്ല' എന്നും ദീപിക തുറന്നടിച്ചു. ഷാറൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'ദി കിങ്' ആണ് ദീപികയുടെ പുതിയ സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

