'സിനിമയുടെ വിജയമല്ല, അത് തരുന്ന അനുഭവങ്ങളാണ് പ്രധാനം...' ആദ്യ പാഠം പങ്കുവെച്ച് ദീപിക പദുക്കോൺ
text_fieldsഷാറൂഖ് ഖാന്‍, ദീപിക പദുക്കോൺ
ഷാറൂഖ് ഖാന്‍റെ പുതിയ ചിത്രമായ കിങ്ങിലെ തന്‍റെ പങ്കാളിത്തം സ്ഥിരീകരിച്ച് ദീപിക പദുക്കോൺ. 'കൽക്കി 2898 എ.ഡി'യിൽ നിന്നും ദീപിക പിന്മാറിയെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നടിയുടെ പുതിയ പോസ്റ്റ്.ഷാരൂഖ് ഖാന്റെ കൈ ചേർത്ത് പിടിച്ചുള്ള ചിത്രവും താരം പങ്കുവെച്ചു.
'ഒരു സിനിമയുടെ വിജയമല്ല, ആ സിനിമ നിർമിക്കുമ്പോൾ നിനക്കുണ്ടാകുന്ന അനുഭവങ്ങളും ആരോടൊപ്പമാണ് അത് നിർമിക്കുന്നതെന്നതുമാണ് പ്രധാനം. 18ാം വയസിൽ ‘ഓം ശാന്തി ഓം’ സിനിമക്കിടയിൽ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം അതായിരുന്നു. അതിന് ശേഷം ഞാനെടുത്ത എല്ലാ തീരുമാനങ്ങളെയും അത് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തോടൊപ്പമുള്ള ആറാമത്തെ ചിത്രത്തിന് ഞാൻ തയാറെടുക്കുന്നത്' -ദീപിക കുറിച്ചു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിലൂടെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. റാണി മുഖർജി, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജയ്ദീപ് അഹ്ലാവത്, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അഭയ് വർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
നാഗ് അശ്വിന്റെ സംവിധാനത്തിൽ വൈജയന്തി മൂവീസ് പുറത്തിറക്കിയ ‘കൽക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്താക്കപ്പെട്ടിരുന്നു. സിനിമയുടെ രണ്ടാംഭാഗത്തിൽ ദീപിക ഉണ്ടാകില്ലെന്ന് കൽക്കിയുടെ നിർമാതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. “ദീപിക പദുകോൺ ഇനി വരുന്ന ‘കൽക്കി 2898 എ.ഡി’ രണ്ടാം ഭാഗത്തിന്റെ ഭാഗമായിരിക്കില്ല. ആദ്യ ചിത്രത്തിന്റെ ദീർഘമായ യാത്രക്കുശേഷവും ദീപിക പദുക്കോണുമായി പങ്കാളിത്തം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കൽക്കി പോലൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നതാണ്” -എന്നായിരുന്നു പ്രൊഡക്ഷൻ ഹൗസിന്‍റെ പ്രസ്താവന.
പ്രതിഫലം 25 ശതമാനം വർധിപ്പിക്കുക, ഒരു ദിവസം ഏഴ് മണിക്കൂറായി ഷൂട്ടിങ് സമയം പരിമിതപ്പെടുത്തുക എന്നിവയുൾപ്പെടെയുള്ള ദീപിക പദുക്കോണിന്റെ ആവശ്യങ്ങളാണ് പുറത്താകലിന് കാരണമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ദീപികയുടെ ടീം വളരെ വലുതാണ്. ഏകദേശം 25 പേർ അവരോടൊപ്പം സെറ്റുകളിൽ യാത്ര ചെയ്യും. അവർ അവരുടെ പരിചാരകർക്ക് ഫൈവ് സ്റ്റാർ താമസ സൗകര്യവും മറ്റും ആവശ്യപ്പെട്ടു. ഇത് നിരവധി ഹിന്ദി നിർമാതാക്കൾ നേരിടുന്ന ഒരു പ്രശ്നമാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

