'ഒട്ടേറെ സഖാക്കൾ വിയോജിപ്പ് പ്രകടിപ്പിപ്പിച്ചു, പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതിൽ വിഷമമുണ്ട്, ആരോപണവിധേയനായ നടനെ ന്യായീകരിച്ചിട്ടില്ല'; വിശദീകരണവുമായി എം.എ ബേബി
text_fieldsദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായതെന്നും
കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ചിത്രമായി തോന്നിയെന്നും അതുകൊണ്ടാണ് പങ്കുവെച്ചതെന്നും എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ സഖാക്കളും അനുഭാവികളും എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ തനിക്കും വിഷമമുണ്ടെന്ന് എം.എ ബേബി പറഞ്ഞു.
ഡല്‍ഹി മലയാളികളോടൊപ്പം 'പ്രിന്‍സ് ആന്റ് ഫാമിലി' കണ്ടശേഷമാണ് എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും സാമൂഹിക പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും പ്രേക്ഷകരുടെ മനസിലേക്ക് എത്തുമെന്നും എം.എ ബേബി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടന്റെ സിനിമയെ പുകഴ്ത്തിയത് വലിയ വിമർശനത്തിനിടയാക്കി. പാർട്ടിക്കുള്ളിലും പുറത്തും ബേബിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.
ജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാം മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണിത്. ഒരു വർഷത്തിനുശേഷമാണ് ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റ്
"പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.
സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവെച്ചത്.
ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

