മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന് പോലും ഭയപ്പെട്ടു; കോടി ക്ലബ്ബും 'കിലുക്ക'വും
text_fields2013ൽ 50 കോടി രൂപ കലക്ഷൻ നേടി മലയാള സിനിമയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ചിത്രമായത് മോഹൻലാൽ നായകനായ 'ദൃശ്യം' ആണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ ഏകദേശം 62 കോടി രൂപ കലക്ഷനാണ് നേടിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ നേട്ടം. എന്നാൽ മലയാള സിനിമ 2013ൽ 50 കോടി രൂപയുടെ അതിർവരമ്പ് കടന്നപ്പോൾ അതിനും 22 വർഷം മുമ്പ് തന്നെ അഞ്ച് കോടി രൂപ കലക്ഷൻ നേടുന്ന ആദ്യ ചിത്രം ഇൻഡസ്ട്രിക്ക് ലഭിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക് കോമഡി-ഡ്രാമയായ 'കിലുക്കം' (1991) എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ അഞ്ച് കോടി ക്ലബ്ബിലേക്ക് നയിച്ചത് മോഹൻലാൽ തന്നെയാണ്.
രേവതി, തിലകൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കിലുക്കം മലയാള സിനിമ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി പരക്കെ കണക്കാക്കപ്പെടുന്നു. റിലീസായപ്പോൾ ഈ ചിത്രം നിരവധി കലക്ഷൻ റെക്കോർഡുകളും തകർത്തു. എങ്കിലും റിലീസിന് മുമ്പ്, ചിത്രം നിർമിച്ച ഗുഡ് നൈറ്റ് ഫിലിംസിനെ നിർമാതാവ് ആർ. മോഹൻ പോലും കിലുക്കത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. അന്നത്തെ മലയാള സിനിമകൾക്ക് സാധാരണയായി ചെലവഴിച്ചിരുന്നതിനേക്കാൾ വളരെ ഉയർന്ന ബഡ്ജറ്റിലാണ് ഈ ചിത്രം നിർമിച്ചത്.
സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം തമാശകളുടെ ഒരു കൂട്ടം മാത്രമാണ് ചിത്രത്തിലുള്ളതെന്ന് തോന്നിയതിനാൽ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന് പോലും മോഹൻ ഭയപ്പെട്ടു. ആ കാലഘട്ടത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കിലുക്കം എന്നും, 60 ലക്ഷം രൂപയാണ് അതിന് ബഡ്ജറ്റ് ആയതെന്നും വെളിപ്പെടുത്തിക്കൊണ്ട് ആ സമയത്ത് മലയാള സിനിമകൾക്ക് സാധാരണയായി 20-25 ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നിരുന്നതെന്നും നിർമാതാവ് പറഞ്ഞിട്ടുണ്ട്.
‘മമ്മൂട്ടി നായകനായ 'അയ്യർ ദി ഗ്രേറ്റിന്' (1990) 50 ലക്ഷം രൂപ ചെലവ് വന്നപ്പോൾ, കിലുക്കത്തിന്‍റെ ആദ്യ കോപ്പി തയാറാകുമ്പോഴേക്കും ഞാൻ 60 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. അക്കാലത്ത്, മലയാള സിനിമകൾ സാധാരണയായി 20-25 ലക്ഷം രൂപക്കാണ് പൂർത്തിയാക്കിയിരുന്നത്. പ്രിവ്യൂ കണ്ട ശേഷം ഇത്രയും ചെലവേറിയ സിനിമ എങ്ങനെ ലാഭമുണ്ടാക്കുമെന്ന് ഞാൻ പ്രിയദർശനോട് ചോദിച്ചു. നിരവധി തമാശകൾ ഒഴികെ സിനിമയിൽ എനിക്ക് ഒരു കഥയും കണ്ടെത്താനായില്ല എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ടും പ്രിയദർശന്‍റെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി’ സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' പരിപാടിയിൽ സംസാരിക്കവെ മോഹൻ വെളിപ്പെടുത്തി.
‘ഒരു കോടി രൂപയിലധികം കലക്ഷൻ നേടിയാൽ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം തനിക്ക് നൽകാമോ എന്ന് പ്രിയദർശൻ എന്നോട് ചോദിച്ചു. അന്ന് അദ്ദേഹത്തിന്‍റെ പ്രതിഫലം ഏകദേശം 50,000 മുതൽ 60,000 രൂപ വരെയായിരുന്നു. അതുവരെ എന്‍റെ ഒരു സിനിമയും ഒരു കോടി രൂപ കളക്ട് ചെയ്തിട്ടില്ല. ഒരു മലയാള സിനിമക്ക് അത്രയും കളക്ട് ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിയുക പോലുമില്ലായിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിന്‍റെ ആവശ്യം അംഗീകരിച്ചു. ഒടുവിൽ സിനിമ അഞ്ച് കോടി രൂപ കലക്ഷൻ നേടുകയും അന്നത്തെ മലയാള ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർക്കുകയും ചെയ്തു. തെലുങ്ക്, തമിഴ്, ഹിന്ദി റീമേക്ക് അവകാശങ്ങൾ വിറ്റതിലൂടെ മാത്രം പ്രിയദർശൻ 8-10 ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്‍റെ ഒരു റെക്കോർഡായിരുന്നു’-മോഹൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

