അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയിൽ (IDSFFK) പ്രദർശിപ്പിക്കാൻ ഒരു ചിത്രത്തിനും കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. പല ചിത്രങ്ങളും വിവിധ വകുപ്പുകളുടെ പരിഗണനയിലാണെന്നും അവലോകനം പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ വിമർശിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ ഇടപെടണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.
എക്‌സിലെ പോസ്റ്റിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ‘18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ല. ആറ് ചിത്രങ്ങളോട് കൂടുതൽ വിശദമായ സിനോപ്സിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളുടെ വിഷയത്തിന് അനുസരിച്ച് ചിലത് വിവിധ മേഖലാ അധികൃതരുടെ അവലോകനത്തിന് അയച്ചിട്ടുണ്ട്’ കേരള ചലച്ചിത്ര അക്കാദമി സർട്ടിഫിക്കേഷൻ ഇളവിനായി 347 ചിത്രങ്ങൾ സമർപ്പിച്ചിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതിൽ 291 ചിത്രങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. 24 ചിത്രങ്ങൾക്ക് നേരത്തെ തന്നെ സെൻസർ സർട്ടിഫിക്കേഷൻ ഉള്ളതിനാൽ ഇളവ് ആവശ്യമില്ല. 20 ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി റഫർ ചെയ്തു, ഒരു ചിത്രം പ്രതിരോധ മന്ത്രാലയത്തിലേക്കും, നാലെണ്ണം ആഭ്യന്തര മന്ത്രാലയത്തിലേക്കും, ഒരെണ്ണം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് വിശദീകരണത്തിനായും അയച്ചിട്ടുണ്ട്. മറ്റ് ആറ് ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും സ്ക്രീനറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ 32 ചിത്രങ്ങളാണ് വിവിധ അധികാരികൾക്ക് റഫർ ചെയ്യപ്പെട്ടതോ അധിക വിവരങ്ങൾ തേടിയതോ ആയിട്ടുള്ളത്.
31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. എന്നാൽ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചിട്ടില്ലെന്നും അനുമതി ലഭിച്ച ചിത്രങ്ങളുടെ പട്ടിക മാത്രമാണ് അക്കാദമിക്ക് നൽകിയതെന്നും ശേഷിക്കുന്ന 31 എണ്ണത്തിന് ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ‘ലോക സിനിമയിലെ മികച്ചവക്ക് ഇടം നൽകുന്ന ഇന്ത്യയുടെ അഭിമാനകരമായ പാരമ്പര്യത്തോടുള്ള വഞ്ചന മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്’ എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് 18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ നടക്കുന്നത്. സാംസ്കാരിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. ‘പാർലമെന്റ് സ്ട്രീറ്റ്’, ‘സാനിറ്റൈസ്ഡ് റിപ്പബ്ലിക്: കാസ്റ്റ് (ഇ) ആൻഡ് കോൺട്രാക്ട്സ്’, ‘ഗ്ലോബ്’, ‘മെമ്മറീസ് ഓഫ് എ വിൻഡോ’, ‘ബേർഡ്സ് ഓഫ് വാർ’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’ തുടങ്ങിയ ചിത്രങ്ങളാണ് ക്ലിയറൻസിനായി കാത്തിരിക്കുന്നവയിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും (IFFK) സമാനമായ തർക്കം ഉടലെടുത്തിരുന്നു.
19 ചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ ഇളവ് ലഭിക്കാൻ വൈകിയതോടെ ചില പ്രദർശനങ്ങൾ തടസ്സപ്പെടുകയും പ്രതിഷേധം ഉയരുകയും ചെയ്തു. ഫലസ്തീൻ ചിത്രങ്ങളും സെർജി ഐസൻസ്റ്റീന്റെ 1925ലെ സോവിയറ്റ് ക്ലാസിക് ‘ബാറ്റിൽഷിപ്പ് പൊട്ടംകിനും’ ഉൾപ്പെടെയായിരുന്നു പട്ടികയിൽ. അന്ന് ഇടതുമുന്നണി സർക്കാർ ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ബാച്ചുകളായി ക്ലിയറൻസ് ലഭിക്കുകയും ‘ബാറ്റിൽഷിപ്പ് പൊട്ടംകിന്’ ഉൾപ്പെടെ അനുമതി കിട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

