അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിച്ച സംഭവം പുനപരിശോധിക്കണമെന്ന് ചലച്ചിത്ര അക്കാദമി
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ(ഐ.ഡി.എസ്.എഫ്.എഫ്.കെ) 31 ഹ്രസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ചലച്ചിത്ര അക്കാദമി കത്ത് നൽകി. ഔദ്യോഗികമായി തിരഞ്ഞെടുത്ത സിനിമകൾക്ക് അനുമതി നിഷേധിക്കുന്നത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും അക്കാദമി കത്തിൽ ചൂണ്ടിക്കാട്ടി. ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്ന ജൂറി അംഗങ്ങളും പ്രവർത്തകരും ഇതിനകം യാത്രാനടപടികൾ പൂർത്തിയാക്കിയെന്നും കത്തിൽ പറയുന്നു. അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങൾ മേളയിൽ എത്തിക്കുന്നതിനായി വിതരണക്കമ്പനിക്കാർക്ക് പണമടക്കം നൽകിയിട്ടുള്ളതിനാൽ പ്രസ്തുത ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, അന്താരാഷ്ട്ര നോൺ-ഫിക്ഷൻ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് അനുമതി ലഭിക്കാതെ പോയത്. ഇതിൽ ഒരു മലയാള ചിത്രവും ഉൾപ്പെടുന്നുണ്ട്.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കുന്നതിനായി ചിത്രങ്ങളുടെ പട്ടിക മുൻകൂട്ടി കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരം 347 സിനിമകളുടെ പട്ടികയാണ് സെൻസർ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നൽകിയിരുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം ഉൾപ്പെടുത്തിയുള്ള അപേക്ഷയാണ് ആദ്യം സമർപ്പിച്ചത്. തുടർന്ന് മന്ത്രാലയത്തിന്റെ പ്രത്യേക ആവശ്യപ്രകാരം 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും ചിത്രങ്ങൾ പരിശോധിക്കുന്നതിനുള്ള സ്ക്രീനറുകളും അക്കാദമി നൽകിയിരുന്നു. ഇതിൽ നിന്നാണ് 31 ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ച് ഉത്തരവിറങ്ങിയത്.
അനുമതി ലഭിക്കാത്ത പ്രധാന ചിത്രങ്ങൾ:
- പാർലമെന്റ് സ്ട്രീറ്റ്
- സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആൻഡ് കോൺട്രാക്ട്സ്
- ഗ്ലോബ്
- മെമ്മറീസ് ഓഫ് എ വിൻഡോ
- ബേർഡ്സ് ഓഫ് വാർ
- പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്
- ഔവർ ലാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

