ഔദ്യോഗിക ഓസ്‌കർ എൻട്രിക്കും സെൻസർ ബോർഡിന്‍റെ വെട്ട്; നിർദേശിച്ചത് 11 മാറ്റങ്ങൾ
text_fieldsഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട്. 11 മാറ്റങ്ങൾ വരുത്തിയ ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയത്. 77 സെക്കൻഡ് ഫൂട്ടേജ് ട്രിം ചെയ്യുക ഉൾപ്പെടെയുള്ളവ നിർദേശിച്ച മാറ്റങ്ങളിൽപ്പെടുന്നു. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിക്കുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് പ്രദർശനത്തിന് എത്തിയത്.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് പ്രകാരം, സി.ബി.എഫ്.സി കമ്മിറ്റി നിരവധി എതിർപ്പുകൾ ഉന്നയിച്ചിരുന്നു. സെപ്റ്റംബർ 12ന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകി. പക്ഷേ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകാൻ തയാറായത്. ആറ് സ്ഥലങ്ങളിൽ വാക്കുകൾ നിശബ്ദമാക്കുകയോ മാറ്റുകയോ ചെയ്യുക, അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഒരു സംഭാഷണം നീക്കം ചെയ്യുക, പൂജ നടത്തുന്ന വ്യക്തിയുടെ രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇല്ലാതാക്കുക എന്നിവയാണ് നിർദേശിച്ച മറ്റ് ചില മാറ്റങ്ങൾ.
അതേസമയം, കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. തിയറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഹോംബൗണ്ട് സ്ട്രീമിങ്ങിനായി ലഭ്യമാകുമെന്ന് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, തിയറ്ററിൽ എത്തി ഏകദേശം എട്ട് ആഴ്ചകൾക്ക് ശേഷമാണ് സിനിമകൾ ഒ.ടി.ടിയിൽ എത്തുന്നത്. അതിനാൽ നവംബറിൽ ഹോംബൗണ്ട് ഓൺലൈനിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചിത്രത്തിലെ ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

