‘ദി ബംഗാൾ ഫയൽസി’ന്റെ പ്രദർശനം തടയണമെന്ന ഹരജി കൊൽക്കത്ത ഹൈകോടതി തള്ളി
text_fields1946 ൽ കൊൽക്കത്തയിൽ നടന്ന കലാപത്തെ ആസ്പദമാക്കി നിർമിച്ച ‘ദി ബംഗാൾ ഫയൽസി'ന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഗോപാൽ ചന്ദ്ര മുഖർജിയുടെ പേരമകൻ ശാന്തനു മുഖർജി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. ചിത്രം ഗോപാൽ ചന്ദ്രയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
രാജ്യത്തുടനീളം സിനിമ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഹരജി അസാധുവാണെന്ന് എതിർകക്ഷി അഭിഭാഷകൻ പറഞ്ഞു. എന്നാൽ തന്റെ മുത്തച്ഛനെ മോശമായി ചിത്രീകരിക്കുന്നതിൽ സെൻസർ ബോർഡിന്റെ പങ്കിനെ കുറിച്ച് വിവരാവകാശ കമീഷൻ മുമ്പാകെ ശാന്തനു മുഖർജി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, സമയപരിധി അവസാനിച്ചിട്ടും ആവശ്യപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതിനാലാണ് റിലീസിന് മുമ്പ് ഹരജി നൽകാൻ സാധിക്കാത്തതെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
സിനിമയിൽ ഗോപാൽ ചന്ദ്ര മുഖർജിയെ ‘പഥ’(ആടിന്റെ ബംഗാളി വാക്ക്) എന്ന് വിളിച്ച് അപമാനിക്കുന്നുവെന്ന് ശാന്തനു ആരോപിച്ചു. 1946 ലെ സംഭവങ്ങളിൽ തന്റെമുത്തച്ഛന് പങ്കുണ്ടെന്ന് സിനിമ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. തന്റെ സിനിമയുടെ പ്രദർശനത്തെ സർക്കാറും പൊലീസും ചേർന്ന് തടയുന്നു എന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്തു വന്നിരുന്നു.
മമത ബാനർജിയുടെ നിർദേശപ്രകാരം സിനിമയുടെ ട്രെയിലർ ലോഞ്ച് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ ആരോപിച്ചു. ഏറെ വിവാദമായ ‘ദി കാശ്മീർ ഫയൽസി’ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി ബംഗാൾ ഫയൽസ്’. ചിത്രം ഇതിനോടകം തന്നെ വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. 'ദി ബംഗാൾ ഫയൽസ്' എന്ന സിനിമയുടെ റിലീസിന് പിന്തുണ തേടി രാഷ്ട്രപതിക്ക് തുറന്ന കത്ത് എഴുതി നടിയും നിർമാതാവുമായ പല്ലവി ജോഷിയും രംഗത്തെത്തിയിരുന്നു. ചിത്രം പശ്ചിമ ബംഗാളിൽ അനൗദ്യോഗിക നിരോധനം നേരിടുന്നുണ്ടെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ചിത്രത്തിൽ പല്ലവി ജോഷിയും അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

