'ദി ബംഗാൾ ഫയൽസി'ന് അനൗദ്യോഗിക നിരോധനമെന്ന്; രാഷ്ട്രപതിക്ക് കത്തെഴുതി പല്ലവി ജോഷി
text_fields'ദി ബംഗാൾ ഫയൽസ്' എന്ന സിനിമയുടെ റിലീസിന് പിന്തുണ തേടി രാഷ്ട്രപതിക്ക് തുറന്ന കത്ത് എഴുതി നടിയും നിർമാതാവുമായ പല്ലവി ജോഷി. ചിത്രം പശ്ചിമ ബംഗാളിൽ അനൗദ്യോഗിക നിരോധനം നേരിടുന്നുണ്ടെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ചിത്രത്തിൽ പല്ലവി ജോഷിയും അഭിനയിക്കുന്നുണ്ട്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ പ്രദർശകരെ ഭീഷണിപ്പെടുത്തുകയാണെന്ന് അവർ ആരോപിച്ചു.
'എന്റെ കുടുംബത്തെ രാഷ്ട്രീയ പ്രവർത്തകർ ദിവസവും ഭീഷണിപ്പെടുത്തുന്നു. തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഭരണകക്ഷി പ്രവർത്തകരുടെ അക്രമം ഭയന്ന് ചിത്രം പ്രദർശിപ്പിക്കില്ലെന്നും തിയറ്റർ ഉടമകൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക നിരോധനമൊന്നുമില്ല, എന്നിട്ടും അനൗദ്യോഗിക നിരോധനം ആളുകൾ കാണുന്നതിന് മുമ്പ് സിനിമയെ നിശബ്ദമാക്കുന്നു' -കത്തിൽ അവർ എഴുതി
1946ലെ കൊൽക്കത്ത കലാപത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് 'ദി ബംഗാൾ ഫയൽസ്'. ദി കശ്മീർ ഫയൽസിന്‍റെ സംവിധായകനായ വിവേക് അഗ്നിഹോത്രിയാണ് ദി ബംഗാൾ ഫയൽസ് സംവിധാനം ചെയ്യുന്നത്. നേരത്തെ, ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് കൊൽക്കത്ത പൊലീസ് തടഞ്ഞതായി വിവേക് അഗ്നിഹോത്രി ആരോപിച്ചിരുന്നു. വിവാദമായ ചിത്രത്തിന്റെ ട്രെയിലർ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. സെൻസർ ബോർഡ് ചിത്രം പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുകയും കൽക്കട്ട ഹൈകോടതി ചിത്രം നിരോധിച്ചത് സ്റ്റേ ചെയ്യുകയും ചെയ്തതിനാൽ ഇത് ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് അഗ്നിഹോത്രിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

