കാത്തിരിപ്പ് നീളുന്നു; ഭാവനയുടെ 'അനോമി'ക്ക് പുതിയ റിലീസ് തീയതി
text_fieldsമലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാവന ചിത്രം 'അനോമി' തിയറ്ററുകളിലെത്താൻ അല്പം കൂടി കാത്തിരിക്കണം. ജനുവരി 30ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 6-ലേക്ക് മാറ്റിവെച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഭാവനയും റഹ്‌മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മംമ്ത മോഹൻദാസ് നായികയായ 'നീലി' (2018), കുഞ്ചാക്കോ ബോബൻ ചിത്രം 'ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്' എന്നീ സിനിമകളിലൂടെ സഹരചയിതാവായി ശ്രദ്ധേയനായ റിയാസ് മാരത്ത് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അനോമി. റിയാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വേറിട്ടൊരു പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് സൂചനകൾ.
അഭിനയത്തിന് പുറമെ നിർമാണ രംഗത്തേക്കും ഭാവന ഈ ചിത്രത്തിലൂടെ ചുവടുവെക്കുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവന തന്നെയാണ് ചിത്രം നിർമിക്കുന്നത്. കൂടാതെ എ.പി.കെ സിനിമയുടെ ആദിത്ത് പ്രസന്ന കുമാർ, ബോളിവുഡിലെ പ്രമുഖരായ കുമാർ മങ്ങാട്ട് പഥക്, അഭിഷേക് പഥക് എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. റിലീസ് തീയതി മാറിയെങ്കിലും ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഭാവനക്കും റഹ്‌മാനും പുറമെ യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2023ലെ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ 'അനിമൽ' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് അനോമിക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങ്ങും, അർജുൻ ജോക്സ് കലാസംവിധാനവും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

