'മനുഷ്യർ ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളൂ... മരണം'; ഭാവനയുടെ അനോമിയുടെ ടീസർ പുറത്ത്
text_fieldsഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ അനോമിയുടെ ടീസർ പുറത്ത്. ചിത്രത്തിൽ നടൻ റഹ്മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനോമി -ദി ഇക്വേഷൻ ഓഫ് ഡെത്ത് ജനുവരി 30 തിയറ്ററുകളിൽ എത്തും. 'എല്ലായിടത്തും എല്ലാവരും ജീവിക്കാൻ ആഗ്രഹിക്കുന്നു' എന്ന് തുടങ്ങുന്ന ഒരു മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ ആണ് നിർമാതാക്കൾ പങ്കുവെച്ചത്.
ചിത്രത്തിൽ സാറ എന്ന ഫോറൻസിക് അനലിസ്റ്റായിയാണ് ഭാവന എത്തുന്നത്. റിയാസ് മാരാത്താണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും. നീലി (2018), ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ് (2018) എന്നീ ചിത്രങ്ങളുടെ സഹ-രചയിതാവാണ് റിയാസ്. കഥയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുറ്റാന്വേഷണ കഥയാണ് ചിത്രത്തിലെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
അനോമിയിലൂടെ മലയാളത്തിൽ വലിയൊരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ഭാവന. ഭാവനയുടെ 90ാമത്തെ ചിത്രമാണിത്. ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഭാവനയുടെ സിനിമ ജീവിതത്തിന്‍റെ 23 വർഷങ്ങളെ വിഡിയോ അടയാളപ്പെടുത്തുന്നുണ്ട്. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’. അനോമിയുടെ ലോകത്തേക്ക് സ്വാഗതം - മരണത്തിന്‍റെ സമവാക്യം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

