കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം
text_fieldsന്യൂഡല്‍ഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനക്കുള്ള 2024ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മുതിർന്ന കന്നട നടന്‍ അനന്ത് നാഗിന്. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനയും ദീർഘകാലത്തെ അഭിനയജീവിതവുമാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പി.ഐ.ബി എക്‌സില്‍ കുറിച്ചു.
ദാദാ സാഹെബ് ഫാൽക്കേ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘അനന്ത് നാഗ് ജിക്ക് ദാദാ സാഹെബ് ഫാല്‍ക്കെ അവാർഡ് ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദശാബ്ദങ്ങളായി, അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും, വൈവിധ്യവും, പ്രതിഭയും ഇന്ത്യൻ സിനിമയിലും, കന്നഡ സിനിമയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീർച്ചയായും മികച്ച ഒരു കലാകാരന് ലഭിക്കേണ്ട അർഹമായ അംഗീകാരമാണിത്’ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1948 സെപ്റ്റംബർ നാലിന് ജനിച്ച അനന്ത് നാഗ് അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുണ്ട്. 300ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിൽ 250ലേറെ ചിത്രങ്ങൾ കന്നഡയിലാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചു.
സിനിമക്ക് പുറമെ ടെലിവിഷൻ രംഗത്തും അനന്ത് നാഗ് സാന്നിധ്യം അറിയിച്ചു. ആർ.കെ. നാരായണന്റെ കഥകളെ ആസ്പദമാക്കി ദൂരദർശൻ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായ ‘മാൽഗുഡി ഡേയ്സ്’ ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാളില്‍ അഭിനയിച്ചിട്ടുണ്ട്. 2025ൽ അനന്ത് നാഗിന് പത്മഭൂഷൺ നൽകി ആദരിച്ചു. അഞ്ച് കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2023ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

