അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; അമരം റി-റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsഅമരം സിനിമ പോസ്റ്റർ
മമ്മൂട്ടിയും, മുരളിയും, അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്. 4k ദൃശ്യ മികവോടെ നവംബർ ഏഴിന് ചിത്രം റി-റിലീസ് ചെയ്യും. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രമാണ് അമരം. ചെമ്മീനിന് ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണിത്. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായിരുന്ന ഭരതന്‍ ഒരുക്കിയ ഈ ചിത്രം വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ കാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു.
ഈ ഭരതൻ ചിത്രത്തിലൂടെ കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു. ബാബു തിരുവല്ലയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് അമരം എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം കണ്ടറിയാനാകും. രവീന്ദ്ര സംഗീതത്തിന്‍റെ ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിന്‍റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും അമരത്തെ കൂടുതൽ മനോഹരമാക്കുന്നത്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോകാണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്.
മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. റി റിലീസ് ട്രെന്‍ഡ് പിന്തുടര്‍ന്ന് മമ്മൂട്ടിയുടെ ചില സിനിമകള്‍ റീ റിലീസ് ചെയ്‌തെങ്കിലും മോഹന്‍ലാല്‍ ഉണ്ടാക്കിയ ഓളം സൃഷ്ടിക്കാന്‍ ഇതില്‍ ഒരു സിനിമക്കും കഴിഞ്ഞില്ല. റിപ്പീറ്റ് വാല്യുവുള്ള എന്റര്‍ടൈനറുകള്‍ റീ റിലീസ് ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. രാജമാണിക്യം, ധ്രുവം, ബിഗ് ബി, മായാവി തുടങ്ങിയ സിനിമകളെല്ലാം റീ റിലീസ് ചെയ്യണമെന്നും അഭിപ്രായങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

