ഇനി പരമേശ്വരന്‍റെ കളികൾ; 27 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ‘ഉസ്താദ്’
text_fields‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ഉസ്താദ് ആണ്. ഗുരുവും ഉടൻ വരുമെന്ന് മധുപാൽ അറിയിച്ചിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ ഉസ്താദ് രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തത്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് സിനിമ നിർമിച്ചത്. ചിത്രത്തിൽ മോഹൻലാൽ, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദ്ദനൻ, സായികുമാർ, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ്കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടൻ, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകളാൽ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും കഥയാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയാണ് മോഹൻലാലിന്റെ സഹോദരിയായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ ഉള്ളുലക്കുന്നതാണ്. മോഹൻലാലിന്റെ ആക്‌ഷൻ രംഗങ്ങൾ കൊണ്ടും അഭിനയത്തികവ് കൊണ്ടും ഇന്നും ആരാധകരുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള സിനിമയാണ് ഉസ്താദ്. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തിയറ്ററിലെത്തിയിരിക്കുന്നത്. 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ, മോഹൻലാൽ, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ചിത്രത്തിലെ ഗായകർ. ഛായാഗ്രഹണം ആനന്ദക്കുട്ടൻ, എഡിറ്റിങ് ഭൂമിനാഥൻ.ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റ് ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

