'എന്‍റെ ഗുരുവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു'; മണിരത്നത്തിനു നന്ദിപറഞ്ഞ് ഐശ്വര്യ റായ്
text_fieldsമണിരത്നവും ഐശ്വര്യ റായും
2025ലെ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അതീവ സുന്ദരിയായാണ് ഐശ്വര്യ റായ് എത്തിയത്. മേളയിലെ ‘ഇൻ കോൺവെർസേഷൻ’ സെഷനിൽ താരം പ്രേക്ഷകരുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്കുവക്കുകയും ചെയ്തു. വേദിയിൽ ഹോളിവുഡ് നടി ഡക്കോട്ട ജോൺസണുമായി ഐശ്വര്യ നടത്തിയ സംഭാഷണത്തിൽ കുറഞ്ഞ സിനിമകൾ ചെയ്ത് കുടുംബത്തിന് മുൻഗണന നൽകുന്നതിൽ താരത്തിന് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിരുന്നോ എന്ന ചോദ്യമുയർന്നിരുന്നു.
അമ്മയാകുന്നത് കരിയർ പടുത്തുയർത്തുന്നപോലെതന്നെ എത്രത്തോളം തന്‍റെ ജീവിതത്തെ നിർവചിക്കുന്നു എന്നതിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞു. 'ആരാധ്യയെ പരിപാലിക്കുന്നതിലും അഭിഷേകിനൊപ്പം ആയിരിക്കുന്നതിലും ഞാൻ തിരക്കിലാണ്. അതുകൊണ്ടുതന്നെ ഒരു സിനിമയിൽ ഒപ്പിട്ടില്ലെന്നുകരുതി എനിക്ക് അതിൽ കുറ്റബോധം തോന്നുന്നില്ല. അത്തരത്തിലൊരു നിരാശ ഒരിക്കലും എന്നിൽ ഒരു പ്രേരകശക്തിയായി മാറിയിട്ടുമില്ല.'
'എനിക്ക് കുറ്റബോധം തോന്നുന്നില്ല. ഞാൻ ആരാണെന്നതിന്റെ വളരെ യഥാർഥമായ ഒരു വശമാണിതെന്ന് ഞാൻ കരുതുന്നു. ചുറ്റുമുള്ള നിരവധി ശബ്ദങ്ങൾക്ക് നിങ്ങളുടെ തലയിൽ കയറാനും ചിലപ്പോൾ നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് മുന്നോട്ട് നയിക്കാനും കഴിയും. എന്നാൽ അത് ഒരിക്കലും എന്നിൽ സ്വാധീനം ചെലുത്തിയിട്ടില്ല. അതൊരു വ്യക്തമായ കാര്യമാണ്' -ഐശ്വര്യ പറഞ്ഞു.
തന്റെ ആദ്യ ചിത്രമായ ഇരുവറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് മണിരത്നം തന്നോട് പറഞ്ഞ കാര്യം ഐശ്വര്യ ഓർത്തെടുത്തു. 'എന്റെ എല്ലാ കരിയർ തെരഞ്ഞെടുപ്പുകളിലേക്കും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, തുടക്കം മുതൽ ഞാൻ ആകാംക്ഷയിലായിരുന്നു. ഞാൻ സിനിമയിലേക്ക് വരുമ്പോൾ എത്തരമൊരു ലോഞ്ചാണ് എനിക്ക് ലഭിക്കാൻ പോകുന്നത് എന്നതിനെകുറിച്ചെല്ലാം. എന്നാൽ മണിരത്നം സർ എന്നോട് പറഞ്ഞത് ഇരുവർ യഥാർഥത്തിൽ ഒരു ലോഞ്ച് ചിത്രമല്ല എന്നായിരുന്നു. അതൊരു സിനിമയാണ്. അതൊരു കഥയാണ്. ഇത് ഒരിക്കലും ഐശ്വര്യയെ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചല്ല എന്നാണ്. വൗ, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ ഇതുതന്നെയാണ് എന്ന് എനിക്ക് തോന്നി. കാരണം അതായിരുന്നു ഞാൻ ഭാഗമാകാൻ ആഗ്രഹിച്ചിരുന്ന കഥ' -ഐശ്വര്യ പറഞ്ഞു.
ദേവദാസിനു ശേഷമുള്ള തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളെകുറിച്ചും ഐശ്വര്യ പറഞ്ഞു. 'ദേവദാസിനു ശേഷം അത് എന്‍റെ ഒരു ഉയർച്ച പോലെ തോന്നി. ഇതിനു ശേഷമുള്ള അടുത്ത വലിയ സിനിമ ഇനി ഏതാണ് എന്നായിരുന്നു ആളുകളുടെ ചോദ്യം. കാരണം ദേവദാസ് അത്ര മികച്ച ചിത്രമായിരുന്നു. ഞാൻ ഋതുപർണ ഘോഷിനൊപ്പം ചോഖേർ ബാലി ചെയ്തു. എത്ര മനോഹരമായ കഥ. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ. ഒരുപക്ഷേ ഒരാൾ സ്വീകരിക്കേണ്ട പാത നേരത്തെ നിർവചിക്കപെട്ടിരിക്കാം, എനിക്കറിയില്ല. പക്ഷേ, എന്റെ യാത്രയിൽ ഇതുവരെ എത്തിയതിൽ ഞാൻ നന്ദിയുള്ളവളാണ്. എനിക്ക് നിങ്ങളുടെയെല്ലാം സ്നേഹമുണ്ട്. നിങ്ങളുടെയെല്ലാം പിന്തുണയുണ്ട്. ഒരുപാട് കഴിവുകളുള്ള ഒരു ഇൻഡസ്ട്രിതന്നെ എന്നോടൊപ്പമുണ്ട്' -ഐശ്വര്യ കൂട്ടിച്ചേർത്തു.
തന്റെ കരിയറിന്‍റെ വളർച്ചക്ക് ഐശ്വര്യ മണിരത്നത്തിന് നന്ദി പറഞ്ഞു. 'എന്റെ ഗുരുവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കാണുന്നു. എനിക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരു വിദ്യ പഠിക്കാൻ എനിക്ക് അവസരം ലഭിച്ചത് അദ്ദേഹത്തിലൂടെയാണ്. എന്റെ മനോഭാവം ഇപ്പോഴും വിനയമാണ്. ഞാൻ വലിയ നേട്ടങ്ങളുടെ മുനമ്പിൽ ഇതുവരെ എത്തിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു.' കലാപരമായി സിനിമയുടെ ലോകത്ത് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നു പറഞ്ഞാണ് ഐശ്വര്യ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

