പുതിയ ചിത്രത്തിന്‍റെ കഥ പൂർത്തിയായി; മറ്റു വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല -അജിത് കുമാർ
text_fieldsഅജിത് കുമാർ
തെന്നിന്ത്യൻ സൂപ്പർതാരം അജിത് നായകനായി രണ്ടുചിത്രങ്ങളാണ് ഈ വർഷം തിയറ്ററിലെത്തിയത്. വിടാമുയർച്ചിയും, ഗുഡ് ബാഡ് അഗ്ലിയും. ഇപ്പോഴിതാ താരത്തിന്‍റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. 'എകെ64' എന്നാണ് പടത്തിന് താൽകാലികമായി നൽകിയ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്.
സിനിമയുടേതായ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ അജിത്. ചിത്രത്തിന്‍റെ കഥ പൂർത്തിയായെന്ന വിവരമാണ് താരം പങ്കുവെച്ചത്. മറ്റു വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കോൺട്രാക്ട് ഒപ്പിട്ടുണ്ടെന്നും അതിനാൽ ഔദ്യോഗികമായി അണിയറപ്രവർത്തകർ അപ്ഡേറ്റ് പങ്കുവെക്കാതെ ഒന്നും പറയാൻ ആവില്ലെന്നും അജിത് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
എകെ64 ചിത്രത്തിന്റെ പ്രാഥമിക ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ജിവി പ്രകാശ് സംഗീതം നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പ്രമുഖ നിർമാണ കമ്പനി 'എകെ64' നിർമിക്കാൻ തയാറായി എന്നാണ് തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ. എന്നാൽ, അജിത്ത് 200 കോടി രൂപ പ്രതിഫലം ചോദിച്ചപ്പോൾ പലരും പിന്മാറി. തുടർന്ന് അജിത്തിന്റെ ചില സിനിമകളുടെ വിതരണക്കാരനായ രാഹുൽ നിർമാതാവായി എത്തുകയായിരുന്നു. 200 കോടി രൂപ എങ്ങനെ നൽകുമെന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. രാഹുൽ അജിത്തുമായി ഒരു പുതിയ കരാർ ഒപ്പിട്ടെന്നും, അത് ശമ്പളം ഇല്ലാത്ത കരാറാണെന്നും റിപോർട്ടുകൾ പറയുന്നു.
ഇതനുസരിച്ച്, സിനിമയുടെ ഒ.ടി.ടി, സാറ്റലൈറ്റ് റൈറ്റ്സ് വഴി ലഭിക്കുന്ന എല്ലാ വരുമാനവും അജിത്തിന് ലഭിക്കും എന്നാണ് റിപ്പോർട്ട്. രാഹുലിന് തിയറ്ററിൽ നിന്നുള്ള വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ, അജിത്തിന്റെ ടീം ശമ്പള ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഒരു ഗാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
താരത്തിന്‍റെ പ്രതിഫല വർധന വിവാദത്തിനൊപ്പമായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. ചിത്രത്തിന്‍റെ ബജറ്റ് 300 മുതൽ 400 കോടി രൂപ വരെയാകാനാണ് സാധ്യത. ചിത്രീകരണം റേസിങ് ഓഫ് സീസണിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. അടുത്ത സെഷൻ ആരംഭിക്കുന്നത് വരെ അജിത്ത് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

