ഡബ്ബിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നതാണ് വിഷമം; സുബീൻ ഗാർഗിന്‍റെ അവസാനത്തെ സിനിമയെക്കുറിച്ച് ഭാര്യ
text_fieldsസിംഗപ്പൂരിൽ സ്കൂബാ ഡൈവിങ്ങിനിടെ അപ്രതീക്ഷിത മരണം സംഭവിച്ച ഗായകനും നടനുമായ സുബീൻ ഗാർഗിനെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ ഗരിമ സൈകിയ ഗാർഗ്. പൂർത്തിയാകാത്ത വർക്കുകളെക്കുറിച്ചും അദ്ദേഹത്തിന്റെ അവസാന ചിത്രം പൂർത്തിയാക്കാനുള്ള പദ്ധതികളെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. ഒക്ടോബർ 31ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന 'റോയ് റോയ് ബിനാലെ' എന്ന പ്രോജക്റ്റിനോട് സുബീന് അതിയായ അഭിനിവേശമുണ്ടായിരുന്നുവെന്ന് എ.എൻ.ഐയോട് സംസാരിക്കവെ അവർ വെളിപ്പെടുത്തി.
'ഇപ്പോൾ, അതാണ് എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം. ഞങ്ങൾ ഒരു സിനിമയിൽ പ്രവർത്തിക്കുന്നു. അത് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണ്. അദ്ദേഹത്തിന് അതിൽ വളരെ അഭിനിവേശമുണ്ടായിരുന്നു. ഒക്ടോബർ 31ന് റിലീസ് ചെയ്യാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു' -ഗരിമ പറഞ്ഞു. സുബീന്റെ വേഷത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ വിഷമങ്ങളിലൊന്നെന്ന് അവർ പറഞ്ഞു.
'ഒരേയൊരു ഖേദം ഡബ്ബിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതാണ്. കാരണം അദ്ദേഹം ഈ സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. അദ്ദേഹം ഒരു അന്ധനായ കലാകാരനായി പ്രത്യക്ഷപ്പെടും. ഇത് വ്യക്തമായും ഒരു സംഗീത പ്രണയകഥയാണ്. ആളുകൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ കഴിയാത്തത് ചിത്രത്തിലെ ഒരു പോരായ്മയായിരിക്കും. പോസ്റ്റ്-പ്രൊഡക്ഷൻ പുരോഗമിക്കുന്നു. നാളെ മുതൽ, ഞങ്ങൾ തീർചയായും ആ ജോലി ആരംഭിക്കും' -അവർ കൂട്ടിച്ചേർത്തു.
അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ യാ അലി ഗാനം ഏറെ പ്രശസ്തമാണ്. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 52 വയസ്സായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

