‘ടോക്സിക്’ ജെൻ സിക്കായി ഒരുക്കിയ ചിത്രം; ഭാര്യക്ക് സന്തോഷമുണ്ടാകില്ലെന്ന് അറിയാം, എങ്കിലും ഇതൊരു ജോലിയല്ലേ -യാഷ്
text_fieldsയാഷ് ഭാര്യയോടൊപ്പം
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങളെയും അതിനോടുള്ള ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിന്റെ പ്രതികരണത്തെയും കുറിച്ച് താരം യാഷ് തുറന്നുപറയുകയാണ്. മാധ്യമപ്രവർത്തകൻ രജത് ശർമയുടെ 'ആപ് കി അദാലത്ത്' എന്ന ജനപ്രിയ ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് യാഷ് സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിൽ കിയാര അദ്വാനിക്കൊപ്പമുള്ള 'തബാഹി' എന്ന ഗാനത്തിന് ഓൺലൈനിൽ വിമർശനങ്ങളും ചർച്ചകളും ഉയർന്ന പശ്ചാത്തലത്തിലാണ് യാഷിന്റെ പ്രതികരണം. ഇത്തരം രംഗങ്ങൾ ചെയ്യുന്നത് തനിക്ക് വ്യക്തിപരമായി എളുപ്പമല്ലായിരുന്നെന്നും എന്നാൽ കഥയുടെ ആവശ്യകത മുൻനിർത്തിയാണ് കംഫർട്ട് സോണിൽ നിന്ന് പുറത്തിറങ്ങി അഭിനയിച്ചതെന്നും താരം വ്യക്തമാക്കി.
തന്റെ ഭാര്യ രാധിക പണ്ഡിറ്റിന് ഇത്തരം രംഗങ്ങൾ കാണുമ്പോൾ സന്തോഷമുണ്ടാകില്ലെന്ന് യാഷ് തുറന്നുപറഞ്ഞു. എന്നാൽ സിനിമയുടെ ലോകം നന്നായി അറിയാവുന്ന ഒരാളെന്ന നിലയിൽ രാധിക ആ രംഗങ്ങളുടെ സാഹചര്യം ഉൾക്കൊള്ളുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.
‘എല്ലാ പങ്കാളികൾക്കും ഇത്തരം രംഗങ്ങൾ കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. ഞാൻ കള്ളം പറയാൻ ആഗ്രഹിക്കുന്നില്ല, എല്ലാ പങ്കാളികളും അങ്ങനെ തന്നെയാണ് ചിന്തിക്കുക. എന്നാൽ, ഇതൊരു കലയാണെന്നും സിനിമയിലൂടെ നമ്മൾ എന്താണ് ലക്ഷ്യമിടുന്നത് എന്ന് മനസ്സിലാക്കണമെന്നും അവസാനം നമ്മൾ തിരിച്ചറിയണം.
അവൾക്ക് ഇതിൽ സന്തോഷമുണ്ടാവില്ലെന്ന് എനിക്കറിയാം. എന്നാൽ അതുകൊണ്ട് അവൾക്ക് എന്നോട് ദേഷ്യമോ മറ്റോ ഉണ്ടെന്നർത്ഥമില്ല. കാരണം അവൾക്ക് എന്നിൽ പൂർണ്ണ വിശ്വാസമുണ്ട്. അവളും ഒരു നടിയാണ്. ഇതൊരു ജോലിയാണെന്നും കാമറക്ക് മുന്നിൽ പെർഫോം ചെയ്യുമ്പോൾ അതൊരു നടൻ തന്റെ ജോലി ചെയ്യുകയാണെന്നും അവൾക്ക് നന്നായി അറിയാം’ യാഷ് പറഞ്ഞു.
യുവതലമുറയെ വിഭാഗത്തെ ലക്ഷ്യമിട്ടാണ് 'ടോക്സിക്' ഒരുക്കിയിരിക്കുന്നതെന്ന് യാഷ് വെളിപ്പെടുത്തി. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസങ്ങളും അവർക്കിടയിൽ ഉടലെടുക്കുന്ന വിവിധ പ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സമൂഹം കാണേണ്ടതും അടുത്ത തലമുറ പഠിക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങൾ ഈ കഥയിലുണ്ടെന്നും യാഷ് കൂട്ടിച്ചേർത്തു.
മലയാളികളുടെ സ്വന്തം സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് യാഷ് അഭിനയിക്കുന്നത്. കിയാര അദ്വാനിക്കൊപ്പം നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

