‘നമുക്കിത് വലിച്ചെറിയണോ അതോ തല്ലിപ്പൊട്ടിക്കണോ?’; ഭാരതിരാജ എന്തിന് തനിക്ക് കിട്ടിയ പത്മശ്രീ തിരിച്ചുകൊടുത്തു?
text_fieldsതമിഴ് ഗ്രാമീണ ജീവിതങ്ങളെ വെള്ളിത്തിരയിലേക്ക് ആവാഹിച്ച് തമിഴ് സിനിമയുടെ ഭാവുകത്വം മാറ്റിമറിച്ച ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ബുധനാഴ്ചയായിരുന്നു വിയോഗം. തമിഴ് ചലച്ചിത്ര ലോകത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അദ്ദേഹത്തിന് പൂർണ്ണ സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‌കാരം പ്രഖ്യാപിച്ചു.
മകൻ മനോജ് 2025 മാർച്ചിൽ 48-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതിന് ശേഷം ഭാരതിരാജയുടെ ആരോഗ്യം അതീവ മോശമായിരുന്നു. മകന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം വീണ്ടും ചർച്ചയാകുന്ന ഒരു കാര്യമുണ്ട്. തമിഴ് സിനിമക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 2004ൽ രാജ്യം അദ്ദേഹത്തിന് 'പത്മശ്രീ' നൽകി ആദരിച്ചിരുന്നു. എന്നാൽ ഈ പുരസ്കാരം പിന്നീട് അദ്ദേഹം കേന്ദ്ര സർക്കാരിന് മടക്കിനൽകിയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു.
2009ൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത്, അവിടെയുള്ള തമിഴ് വംശജർ നേരിട്ട കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഭാരതിരാജ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. യുദ്ധം അടിയന്തരമായി നിർത്തലാക്കണമെന്നും തമിഴ് ജനതക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര-ശ്രീലങ്കൻ സർക്കാരുകൾക്കെതിരെ അദ്ദേഹം തെരുവിലിറങ്ങി. ചെന്നൈയിൽ തമിഴ് ഈഴം സപ്പോർട്ട് മൂവ്‌മെന്റിന്റെ യോഗത്തിൽ വെച്ച് തന്റെ പത്മശ്രീ പുരസ്കാരം എന്തുചെയ്യണമെന്ന കാര്യത്തിൽ അദ്ദേഹം ജനങ്ങളോട് അഭിപ്രായം തേടി.
‘നമുക്കിത് വലിച്ചെറിയണോ അതോ തല്ലിപ്പൊട്ടിക്കണോ?’ എന്ന ഭാരതിരാജയുടെ ചോദ്യത്തിന് തല്ലിപ്പൊട്ടിക്കണം എന്നാണ് ജനക്കൂട്ടം വിളിച്ചുപറഞ്ഞത്. എന്നാൽ പിന്നീട് സംവിധായകൻ ചേരൻ ഉൾപ്പെടെയുള്ളവരുടെ നിർദേശപ്രകാരം പുരസ്കാരം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി മടക്കിനൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അക്കൊല്ലത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശ്രീലങ്കൻ തമിഴരുടെ സംരക്ഷണത്തിൽ പരാജയപ്പെട്ട കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെതിരെ തമിഴ്‌നാട്ടിലുടനീളം വൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ഭാരതിരാജ മുന്നിലുണ്ടായിരുന്നു. സത്യരാജ്, സീമാൻ, അമീർ, ചേരൻ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരും അന്ന് അദ്ദേഹത്തിനൊപ്പം അണിനിരന്നു.
തമിഴിൽ ഇയക്കുനർ ഇമയം (സംവിധായകരുടെ ഹിമാലയം) എന്നാണ് ഭാരതിരാജ അറിയപ്പെട്ടിരുന്നത്. 1977ൽ കമൽഹാസനും ശ്രീദേവിയും രജനീകാന്തും ഒന്നിച്ച 16 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ സെറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമയെ മണ്ണും മനുഷ്യരും നിറഞ്ഞ തമിഴ് ഗ്രാമങ്ങളിലേക്ക് ഇറക്കിനടത്തിയത് ഭാരതിരാജയായിരുന്നു.
അഞ്ചര പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ, അലൈകൾ ഓയ്വതില്ലൈ, കാതൽ ഓവിയം, മുതൽ മര്യാദൈ തുടങ്ങി ഇന്ത്യൻ സിനിമയുടെ ചരിത്രത്താളുകളിൽ ഇടംനേടിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. 2023ൽ പ്രൈം വിഡിയോയുടെ മോഡേൺ ലവ് ചെന്നൈ എന്ന ആന്തോളജി പരമ്പരയിലെ പറവൈ കൂട്ടിൽ വാഴും മാനുകൾ എന്ന ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

