‘ദാപ്പോ വല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; മമ്മൂട്ടിയുടെ ചോദ്യത്തിന് വി.കെ. ശ്രീരാമന്റെ മറുപടി
text_fieldsമമ്മൂട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന വാർത്ത എല്ലാവരും സന്തോഷത്തോടെയാണ് കേട്ടത്. തിരിച്ചുവരവിൽ ആരാധകരും കുടുംബവും ആവേശത്തിലാണ്. നിർമാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി -എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സംഭാഷണത്തിന്‍റെ ചെറു കുറിപ്പുമായി നടൻ വി.കെ ശ്രീരാമൻ എത്തിയിരിക്കുകയാണ്. മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും ഓട്ടോറിക്ഷയിൽ നിന്നെടുത്ത ചിത്രവും ചേർത്താണ് വി.കെ ശ്രീരാമൻ താരത്തിനൊപ്പം നടത്തിയ സൗഹൃദസംഭാഷണം ആരാധകർക്കായി പങ്കുവെച്ചത്.
പോസ്റ്റിന്‍റെ പൂർണ രൂപം
"നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ലേ?"
ബിസിആയിട്ട് പൊക്കോണ്ടിരിക്കായിരുന്നു ഓട്ട്രഷേല്. ഇതിന്‍റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.
"കാറോ ?"
ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്. അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവൻ പോയി..
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
"എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു."
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"
"എന്താ മിണ്ടാത്ത് ?"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ കാത്തുകൊള്ളണേ!
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മമ്മൂട്ടി ചെന്നൈയിലാണുള്ളത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ ഇന്ന് സാക്ഷ്യപ്പെടുത്തിയതായും കേരളത്തിലേക്ക് മടങ്ങുമെന്നും മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

