'ദൈവമേ നന്ദി, സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിൽക്കുന്നു'; മമ്മൂട്ടി തിരിച്ചെത്തുന്നു, 'പൂർണ ആരോഗ്യവാൻ'; സ്ഥിരീകരിച്ച് സന്തത സഹചാരികൾ
text_fieldsകൊച്ചി: മമ്മൂട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന സൂചനയുമായി നിർമാതാവ് ആന്റോ ജോസഫ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചെറുകുറിപ്പിലാണ് ലോക മലയാളികൾ കാത്തിരുന്ന പരോക്ഷമായ സന്ദേശമുള്ളത്. "ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി" -എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.
തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ സന്തത സഹചാരികളായ എസ്.ജോർജും രമേശ് പിഷാരടിയും സമാനമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!'- എന്നാണ് ജോർജിന്റെ കുറിപ്പ്.
എല്ലാം ഒകെയാണ് എന്നാണ് രമേശ് പിഷാരടി പങ്കുവെച്ചത്. ഇവർ പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകളും പ്രാർഥനയുമായി നിറയുകയാണ് മലയാളികൾ.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മമ്മൂട്ടി ചെന്നൈയിലാണുള്ളത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ ഇന്ന് സാക്ഷ്യപ്പെടുത്തിയതായും കേരളത്തിലേക്ക് മടങ്ങുമെന്നും മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

