വൈറൽ പെൺകുട്ടി മൊണാലിസയുടെ ഇഷ്ടതാരങ്ങൾ ആരൊക്കെ? വെളിപ്പെടുത്തി സംവിധായകൻ
text_fieldsമഹാകുംഭ മേളക്കിടെ വൈറലായ മൊണാലിസയെ നാം മറക്കാനിടയില്ല. മാലകൾ വിൽക്കുന്ന പെൺകുട്ടിയിൽ നിന്ന് സിനിമ മേഖലയിലെത്തി നിൽക്കുകയാണ് വൈറൽ താരം. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മൊണാലിസക്ക് സിനിമയിൽ അവസരം ലഭിച്ചത്. ഇപ്പോഴിതാ മൊണാലിസയുടെ ഇഷ്ട താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യ ചിത്രത്തിനായി കരാർ ഒപ്പിട്ട സംവിധായകൻ സനോജ് മിശ്ര.
മൊണാലിസ കങ്കണ റണാവത്തിനെയും സൊനാക്ഷി സിൻഹയെയും ഇഷ്ടപ്പെടുന്നതായി സനോജ് മിശ്ര മാധ്യങ്ങളോട് പറഞ്ഞു. സൽമാൻ ഖാനെയും സണ്ണി ഡിയോളിനെയും കാണാൻ മൊണാലിസക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വരുൺ ധവാൻ, ടൈഗർ ഷ്റോഫ് തുടങ്ങിയ ഇപ്പോഴത്തെ തലമുറയിലെ അഭിനേതാക്കളോട് മൊണാലിസക്ക് അത്ര ഇഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംവിധായകൻ സനോജിനെതിരെ ഗുരുതരമായ ആരോപണങ്ങൾ നിർമാതാവ് വസീം റിസ്‌വി ഉന്നയിച്ചിരുന്നു. മൊണാലിസയുടെ നിഷ്കളങ്കത സനോജ് മിശ്ര മുതലെടുക്കുകയാണെന്നും വസീം റിസ്‌വി അവകാശപ്പെട്ടു. എന്നാൽ വിവാദങ്ങൾക്ക് പിന്നാലെ സനോജ് മിശ്രയെ പിന്തുണക്കുന്നു എന്നാണ് മൊണാലിസയുടെ കുടുംബം പറഞ്ഞത്. താമസസൗകര്യം ഒരുക്കിയും സിനിമ ഉറപ്പാക്കിയും മിശ്ര തന്നെ സഹായിച്ചതായി മൊണാലിസയും പറഞ്ഞു. തന്നെ ഒരു മകളെപ്പോലെയാണ് സനോജ് പരിഗണിക്കുന്നത് എന്നും മൊണാലിസ കൂട്ടിച്ചേർത്തു.
കുംഭമേളയിൽ മാലകൾ വിൽക്കുന്നതിടെയാണ് മൊണാലിസ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം മേളയിൽ മാല വിൽപനക്കെത്തിയതായിരുന്നു പെൺകുട്ടി. വിദേശചാനലുകളും പ്രാദേശിക ചാനലുകളും ഇന്റർവ്യൂ നടത്തിയതോടെ മൊണാലിസ പ്രശസ്തയായി. ഇവരെ ഇൻറർവ്യൂ ചെയ്യുന്ന വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

