ഫരീദ ജലാലിന്റെ ഷാറൂഖ് വാത്സല്യം ആര്യനിലേക്കും...
text_fieldsഫരീദ ജലാലിനൊപ്പം ഷാറൂഖ്
ഫരീദ ജലാലിനെ അറിയാത്ത തലമുറകളുണ്ടാകില്ല. കുട്ടിത്തം തുളുമ്പുന്ന മുഖമുള്ള, ‘തഖ്ദീറി’ലെയും ‘ആരാധന’യിലെയും നായികയെ ഓൾഡ് ജൻ ബോളിവുഡ് പ്രേമികൾക്ക് മറക്കാനാവില്ല. ‘ദിൽവാലെ ദുൽഹനിയ...’യും ‘കുച്ച് കുച്ച് ഹോത്താ ഹേ’യും കണ്ടു പ്രണയിച്ച നയന്റി കിഡ്സിനും നെറ്റ്ഫ്ലിക്സിൽ ‘ഹീരാമൻഡി’ കണ്ട ജൻ സീക്കും ഒരുപോലെ പരിചിതയാണിവർ. ഷാറൂഖ് ഖാൻ സിനിമകളിലെ സജീവസാന്നിധ്യമായ ഫരീദ ജലാലിന് ഷാറൂഖിനോടുള്ള പുത്രസമാനമായ വാത്സല്യവും ഷാറൂഖിന് തിരിച്ചുള്ള മാതൃസമാനമായ സ്നേഹബഹുമാനവും ബോളിവുഡിൽ പ്രസിദ്ധമാണ്.
എഴുപത്താറാം വയസ്സിലും മുഖ്യധാരയിൽ സജീവമായ ഫരീദ, ഒരു മുത്തശ്ശിയുടെ സ്നേഹവാത്സല്യം ഷാറൂഖ് കുടുംബത്തിലെ ഇളമുറക്കാരൻ ആര്യൻ ഖാനിലും ചൊരിയുകയാണ്. ആര്യനെ അവന്റെ കുഞ്ഞുനാൾ മുതലേ കാണുന്നതാണെന്നും ഇന്ന് സംവിധായക കുപ്പായമണിഞ്ഞിരിക്കുന്ന ഷാറൂഖ് പുത്രനുവേണ്ടി താൻ പ്രാർഥിക്കുകയാണെന്നുമാണ് അവർ പറഞ്ഞത്.
‘ദുവായേം ഹേ ഉൻ കേ ലിയേ...അവന്റെ വളരെ ചെറുപ്പത്തിലേ എനിക്കറിയാം. ആര്യൻ സംവിധായകനായതിൽ എനിക്കും ഏറെ അഭിമാനമുണ്ട്. അല്ലാഹു അവന് എല്ലാ വിജയവും നൽകട്ടെ’ കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ‘ലവ് ഇൻ വിയറ്റ്നാമി’ന്റെ ട്രെയിലർ റിലീസിങ് ചടങ്ങിൽ ഫരീദ പറഞ്ഞു. ഷാറൂഖിനോടുള്ള വാത്സല്യത്തെപ്പറ്റിയും അവർ വാചാലയായി.
‘ഒട്ടേറെ ചിത്രങ്ങളിൽ ഷാറൂഖിനൊപ്പം അഭിനയിച്ചു. ജീവിതം നിറയെ ഇത്രമേൽ ഊർജമുള്ള മറ്റൊരാളെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയായും അഭിനയിച്ചു. ഒരു മാതൃ-പുത്ര ബന്ധമാണ് ഷാറൂഖുമായി എനിക്ക് അനുഭവപ്പെടാറുള്ളത്. 14-ാം വയസ്സിൽ പിതാവും 24-ാം വയസ്സിൽ മാതാവും നഷ്ടമായ അദ്ദേഹത്തിന് എന്നാൽ കഴിയുന്ന വാത്സല്യം നൽകണമെന്നാണ് തോന്നാറുള്ളത്. ആ വാത്സല്യം സ്വാഭാവികമായിതന്നെ എന്നിൽ നിറയുന്നു’ ഫരീദ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

