‘മദ്യം സമ്മർദം കുറക്കില്ല, കൂട്ടുകയേ ഉള്ളൂ’; മദ്യപാനം ഉപേക്ഷിച്ചതോടെ ആത്മവിശ്വാസം കൂടിയെന്ന് ടോം ഹോളണ്ട്
text_fieldsടോം ഹോളണ്ട്
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ടോം ഹോളണ്ട് മദ്യപാനം ഉപേക്ഷിച്ചിട്ട് ഇപ്പോൾ നാല് വർഷത്തോളമാകുന്നു. തന്റെ ജീവിതത്തിലും കരിയറിലും ഈ തീരുമാനം എത്രത്തോളം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മദ്യം അവിശ്വസനീയമാംവിധം അപകടകരമായ ഒന്നാണ് എന്നാണ് ഹോളണ്ട് ഇപ്പോൾ പറയുന്നത്.
‘കഴിഞ്ഞ നാല് വർഷമായി എന്റെ കരിയർ വളരെ മനോഹരമായ രീതിയിൽ വളർന്നു. മദ്യപാനം തുടർന്നിരുന്നെങ്കിൽ ഇതിൽ എത്രത്തോളം കാര്യങ്ങൾ യാഥാർത്ഥ്യമാകുമായിരുന്നു എന്ന് എനിക്കറിയില്ല’ ഹോളണ്ട് പറഞ്ഞു. പ്രശസ്തിയുടെ സമ്മർദങ്ങൾക്കിടയിൽ മദ്യം ആശ്വാസമല്ല, മറിച്ച് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്ന് ഹോളണ്ട് പറയുന്നു. തന്റെ പ്രൊഫഷണൽ ജീവിതത്തിന് മദ്യപാനം വലിയൊരു തടസ്സമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യം ഉപേക്ഷിച്ചതോടെ ലഭിച്ച ആത്മവിശ്വാസത്തെക്കുറിച്ച് ഹോളണ്ട് വാചാലനായി. എല്ലാ ദിവസവും രാവിലെ തെളിഞ്ഞ ബുദ്ധിയോടെയും ഉന്മേഷത്തോടെയും ഉണരാൻ കഴിയുന്നു. താൻ ആരാണെന്ന ബോധ്യവും ആത്മവിശ്വാസവും ഇപ്പോൾ വർധിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിലെയും പൊതുജീവിതത്തിലെയും സമ്മർദ്ദങ്ങളെ കൂടുതൽ കരുത്തോടെ നേരിടാൻ സാധിക്കുന്നുവെന്ന് ഹോളണ്ട് പറയുന്നു.
മദ്യപാനത്തോട് യുവതലമുറ കാണിക്കുന്ന വിമുഖതയെ ഹോളണ്ട് സ്വാഗതം ചെയ്തു. മദ്യത്തിന് പകരം മറ്റ് ആരോഗ്യകരമായ വഴികൾ തേടുന്നത് കൂടുതൽ സുരക്ഷിതവും ഊഷ്മളവുമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കൾക്കിടയിലും ഈ മാറ്റം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ‘മുമ്പൊക്കെ എന്റെ സുഹൃത്തുക്കൾ വീട്ടിൽ ഒത്തുകൂടുമ്പോൾ പുലർച്ചെ വരെ നീളുന്ന മദ്യപാന സദസ്സുകളായിരുന്നു നടന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പത്തോളം സുഹൃത്തുക്കൾ വീട്ടിൽ വന്നപ്പോൾ ഒരാൾ പോലും മദ്യപിച്ചിരുന്നില്ല’ താരം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

