യഷ് എപ്പോഴും ഗീതുവിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുന്നു, ഒരിക്കലും ഈഗോ ക്ലാഷ് ഉണ്ടായിട്ടില്ല; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സുദേവ് നായർ
text_fieldsകന്നഡ സൂപ്പർസ്റ്റാർ യഷുമായി സുദേവ് നായർക്ക് അടുത്ത ബന്ധമുണ്ട്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടോക്സികിൽ സുദേവ് നായർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. സുദേവ് നായർ ചില അഭിമുഖങ്ങളിൽ യഷിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ യഷ് സിനിമയുടെ സംവിധാനത്തിൽ ഇടപെടുന്നുണ്ടെന്ന കിംവദന്തിയിൽ പ്രതികരിക്കുകയാണ് സുദേവ് നായർ.
യഷ് ടോക്സിക് സിനിമയുടെ സംവിധാനത്തിൽ ഇടപെടുന്നുണ്ടെന്നും ഗീതു മോഹൻദാസിനെ ഒഴിവാക്കി ഗോസ്റ്റ് ഡയറക്ടിങ് ചെയ്യുന്നുണ്ടെന്നും ചില കിംവദന്തികൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾക്ക് യാതൊരു സത്യവുമില്ല. ഇതെല്ലാം അസൂയാലുക്കൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണെന്നും സുദേവ് പറഞ്ഞു. യഷിന്റെയും ഗീതു മോഹൻദാസിന്റെയും സഹകരണപരമായ സമീപനത്തെക്കുറിച്ചും സുദേവ് നായർ എടുത്തുപറഞ്ഞു.
യഷ് വലിയൊരു സൂപ്പർസ്റ്റാർ ആണെങ്കിലും സെറ്റിൽ അദ്ദേഹം വളരെ ലളിതമായി, ഒരു കൂട്ടുകാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് സുദേവ് നായർ പറഞ്ഞിട്ടുണ്ട്. ഒന്നിച്ച് പ്രവർത്തിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യഷ് എപ്പോഴും ഗീതുവിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുന്നു. ഇരുവരുടെയും ലക്ഷ്യം മികച്ചത് കൊടുക്കുക എന്നതാണ്. ഒരിക്കലും ഒരു ഈഗോ ക്ലാഷ് ഉണ്ടായിട്ടില്ല.
രണ്ട് പേരും വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കുകയും തൃപ്തരാകുന്നതുവരെ പ്രവർത്തിക്കുകയും ചെയ്യും. ഒരിക്കലും സമ്മർദം അനുഭവിച്ചിട്ടില്ലാത്ത സെറ്റുകളിൽ ഒന്നാണിത്. ഇത് ഒരു നല്ല അന്തരീക്ഷത്തിന്റെ അടയാളമാണ്. ടോക്സിക് ഇത്രയും കുഴപ്പം നിറഞ്ഞ ഒരു സെറ്റ് ആയിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് സുദേവ് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

