‘തൊണ്ടയും സഹകരിക്കുന്നില്ല, സ്റ്റേജിൽ നിൽക്കാൻ ദൈവം എനിക്ക് ശക്തി നൽകട്ടെ’: ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് സോനു നിഗം
text_fieldsസോനു നിഗം
കഠിനമായ ഞരമ്പ് വേദനയോട് പോരാടുമ്പോഴും ജൂൺ 27ന് മുംബൈയിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഗായകൻ സോനു നിഗം. കഴിഞ്ഞ ഒരു ആഴ്ചയായി വിവിധ സ്കാനിങ്ങുകൾക്കും വേദനാജനകമായ ഫിസിയോതെറാപ്പിക്കും വിധേയനായിക്കൊണ്ടിരിക്കുകയാണെന്ന് താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഏകദേശം ആറാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് സോനു നിഗം വീണ്ടും വേദിയിലേക്ക് തിരിച്ചെത്തുന്നത്.
വേദന കാരണം കൺസേർട്ട് റദ്ദാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ തന്റെ തോളിൽ ബാൻഡേജ് ഒട്ടിച്ച നിലയിലാണ് സോനു നിഗം പ്രത്യക്ഷപ്പെട്ടത്. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ.
‘എനിക്ക് പിഞ്ച്ഡ് നേർവ്സ് (ഞരമ്പ് അമർന്നുപോകുന്ന അവസ്ഥ) ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി എം.ആർ.ഐ, സി.ടി സ്കാനുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. ഫിസിയോതെറാപ്പി കഠിനമായ വേദനയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ പെയിൻ കില്ലറുകൾ കഴിച്ചാണ് പിടിച്ചുനിൽക്കുന്നത്. മരുന്നുകളുടെ ഉപയോഗം കാരണം തന്റെ തൊണ്ടക്ക് ഭാരം അനുഭവപ്പെടുന്നുണ്ടെന്നും’ സോനു നിഗം വ്യക്തമാക്കി.
13th June, Mumbai എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോയിൽ, ഒന്നര മാസത്തിന് ശേഷമാണ് താൻ വേദിയിൽ പാടാൻ പോകുന്നതെന്നും അതുകൊണ്ട് തന്നെ ആത്മവിശ്വാസം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ഇപ്പോൾ എന്റെ തൊണ്ടയും സഹകരിക്കുന്നില്ല. പക്ഷേ എനിക്ക് മറ്റ് വഴികളില്ല. സ്റ്റേജിൽ നിൽക്കാൻ ദൈവം എനിക്ക് ശക്തി നൽകട്ടെ എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.
തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ചതിന്റെ തൊട്ടടുത്ത ദിവസം, അടുത്തിടെ ദുബെയിൽ നടത്തിയ ഒരു ലൈവ് പെർഫോമൻസിന്റെ വിഡിയോയും സോനു നിഗം പങ്കുവെച്ചിരുന്നു. സുഹൃത്തും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ ദുബൈയിൽ ആരംഭിച്ച 'മാൽഗുഡി' എന്ന സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് സോനു നിഗം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

